എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് ഭാഗികമായി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലാണ് സ്‌കൂളുകൾക്ക് അവധി.
വടവുകാട്പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ അങ്കണവാടികൾ, കിന്റർഗാർഡൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ വായു ഗുണ നിലവാര സൂചിക കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട് .ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ട്. മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്‌ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്.
ഫയർ ടെൻഡറുകൾ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയിൽ നേരിടുന്ന പ്രശ്‌നം. കടമ്പ്രയാറിൽ നിന്നും ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് ഉന്നത മർദ്ദത്തിൽ വെള്ളം പമ്പു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിട്ടിൽ 4000 ലിറ്റർ വെളളമാണ് ഇത്തരത്തിൽ പമ്പു ചെയ്യുന്നത്. ഫയർ ടെൻഡറുകൾ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാൻ പമ്പ് ഉപയോഗിക്കുന്നു
പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ചതിൽ 5 സെക്ടറുകളിലും തീ അണച്ചു. 1, 7 സെക്ടറുകളാണ് ഇനി അവശേഷിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.
Discussion about this post