മലപ്പുറം; സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം മക്കൾക്ക് മാത്രമായി ലഭിക്കാൻ ഭാര്യയെ വീണ്ടും വിവാഹം ചെയ്ത നടനും അഭിഭാഷകനുമായ ഷുക്കൂറിന്റെ രണ്ടാം വിവാഹം വിരൽ ചൂണ്ടുന്നത് ഏകീകൃത സിവിൽ നിയമത്തിന്റെ അനിവാര്യതയിലേക്കെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ. ഡോ. ഷീന ഷുക്കൂറും അഡ്വ. ഷുക്കൂറും ചരിത്രം സൃഷ്ടിച്ചുവെന്ന് പറഞ്ഞാണ് ഡോ. കെഎസ് രാധാകൃഷ്ണൻ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഈ വിവാഹം തങ്ങളുടെ പെണ്മക്കൾക്കു ലഭിക്കേണ്ട സ്വത്തു സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടത്തുന്നത് എന്നതുകൊണ്ടാണ് അതൊരു ചരിത്ര സംഭവമായി മാറുന്നത്. മുസ്ലീം മത നിയമപ്രകാരം വിവാഹിതരായ ഇരുവരും വീണ്ടും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുകയായിരുന്നു.
യാഥാസ്ഥിക ഇസ്ലാം മതം സ്ത്രീ വിവേചനത്തിന് കുപ്രസിദ്ധമാമെന്ന് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. പുരുഷന് തുല്യയാണ് സ്ത്രീ എന്ന് ഇസ്ലാം മതം കരുതുന്നില്ല. പുരുഷന് ഇഷ്ടാനുസരണം വിത്തിറക്കാനുള്ള കൃഷിയിടമാണ് സ്ത്രീ എന്നാണ് ഇസ്ലാമിക സങ്കൽപം. സ്വത്ത് അവകാശത്തിലും സ്ത്രീക്ക് രണ്ടാം സ്ഥാനമാണുള്ളത്. വിവാഹം സിവിൽ നിയമ പ്രകാരമാണെങ്കിൽ പിതാവിന്റെ സ്വത്തു മക്കൾക്കു തന്നെ കിട്ടും. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഏകീകൃത സിവിൽ നിയമത്തിന്റെ അനിവാര്യതയിലേയ്ക്കാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഇസ്ലാമിലെ സ്വത്തവകാശ നിയമം അനുസരിച്ചു സ്ത്രീകൾക്ക് പിതൃസ്വത്തിൽ പുരുഷന് തുല്യമായ അവകാശം ഇല്ല. ഒരു പിതാവിന് പെണ്മക്കൾ മാത്രമാണ് ഉള്ളതെങ്കിൽ അയാളുടെ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം സ്വത്തു മാത്രമേ പിതാവിന്റെ മരണശേഷം പെൺമക്കൾക്ക് ഭാഗമായി ലഭിക്കുകയുള്ളു. അവശേഷിക്കുന്ന ഒരു ഭാഗം പിതൃസഹോദരർക്ക് ലഭിക്കും. എന്നാൽ ഈ പിതൃസഹോദരങ്ങൾ അവരുടെ സ്വത്തിന്റെ ഒരു അംശം പോലും മൃതിയടഞ്ഞ സഹോദരന്റെ പെൺമക്കൾക്ക് നൽകേണ്ടതുമില്ല.
മാതാപിതാക്കളുടെ സ്വത്തിനു പുത്രനും പുത്രിയും ഒരുപോലെ അവകാശികളാണ് എന്ന നീതി ഇസ്ലാമിക നിയമപ്രകാരം സാധുവല്ലെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. സമ്പത്തിന്റെ പങ്കുവെക്കലിൽ സ്ത്രീ-പുരുഷ സമത്വം ഇസ്ലാമിക മതനിയമ വ്യവസ്ഥയിൽ ഇല്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്പത്തു പങ്കുവെയ്ക്കുമ്പോൾ സിംഹഭാഗവും പുരുഷന്മാർ കൈയ്യടക്കും. മതനിയമം അങ്ങിനെയാണ് പറയുന്നത്. പിതാവും സഹോദരങ്ങളും, അവരുടെ മാതാപിതാക്കളുടെ സ്വത്തു മതനിയമ പ്രകാരം പങ്കുവെച്ചു പിരിഞ്ഞതിന് ശേഷം, സഹോദരങ്ങളിൽ ഒരാൾ മരിച്ചാൽ നടമാടുന്ന അനീതിയാണ് മേൽ പറഞ്ഞത്. മരിച്ച ആൾക്ക് അവകാശിയായി ഒരു ആൺകുട്ടിയുണ്ട് എങ്കിൽ സ്വത്ത് പിതൃ സഹോദരങ്ങൾക്കു പങ്കു വെക്കേണ്ടതില്ല. എന്നാൽ പെൺകുട്ടികൾ മാത്രമാണുള്ളത് എങ്കിൽ, ആ സ്വത്തു സമ്പാദനത്തിൽ ഈ പെണ്മക്കൾ പങ്കു വഹിച്ചിട്ടുണ്ട് എങ്കിലും, ആകെ സ്വത്തിന്റെ മുന്നിൽ ഒരു ഭാഗം പിതൃസഹോദരങ്ങൾക്കു നൽകേണ്ടി വരും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണു രണ്ടാം വിവാഹം സിവിൽ നിയമപ്രകാരം ഷീനയും ഷുക്കൂറും നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. ഷീന എംജി സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ ആയിരുന്നു. നിയമിക്കപ്പെടുമ്പോൾ അവർ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പിവിസി ആയിരുന്നുവെന്ന് മുൻ പിഎസ് സി ചെയർമാൻ കൂടിയായ ഡോ. കെഎസ് രാധാകൃഷ്ണൻ പറഞ്ഞു. കേന്ദ്ര നിയമ സർവകലാശാലയിൽ അദ്ധ്യാപികയായ ഷീന അറിയപ്പെടുന്ന നിയമ പണ്ഡിതയുമാണ്. അഭിഭാഷകനായ ഷുക്കൂർ നടനുമാണ്. രണ്ടു പേരും 28 വർഷത്തിനുശേഷമാണ് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
Discussion about this post