കൊച്ചി: പ്രതിഷേധത്തിന്റെ പേരിൽ കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചുകയറി സംഘർഷാന്തരീക്ഷം സൃഷ്ടിച്ച എസ്എഫ്‌ഐ പ്രവർത്തകർ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം. പ്രതിഷേധം പ്രകടിപ്പിക്കാനുളള ജനാധിപത്യ അവകാശങ്ങളുടെ എല്ലാ പരിധികളും ലംഘിക്കുന്നതാണ് വിദ്യാർത്ഥിസഖാക്കളുടെ നടപടിയെന്നാണ് വിമർശനം.
ഒരു സ്‌കൂൾ വിദ്യാർത്ഥിനി ലഹരിമാഫിയയുമായി ബന്ധപ്പെട്ടതായി ചാനൽ സംപ്രേഷണം ചെയ്ത വാർത്ത വ്യാജമാണെന്നും ഇതിൽ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എസ്എഫ്‌ഐയുടെ കടന്നുകയറ്റം.
മാദ്ധ്യമസ്ഥാപനങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ സാധാരണമാണെങ്കിലും സ്ഥാപനത്തിന്റെ ഗേറ്റിന് മുൻപിൽ അവസാനിക്കാറാണ് പതിവ്. എന്നാൽ ഏഷ്യാനെറ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയ എസ്എഫ്‌ഐക്കാർ ഗേറ്റും കടന്ന് നാലാം നിലയിലെ സ്ഥാപനത്തിനുളളിലേക്ക് മുദ്രാവാക്യം വിളിച്ച് ഇരച്ചുകയറുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ചാനൽ പുറത്തുവിട്ടു. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ബലം പ്രയോഗിച്ച് തളളിമാറ്റുന്നതും കാണാം.
രാത്രി ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ ചാനലിന്റെ പാലാരിവട്ടത്തെ റീജിണൽ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. നാലാം നിലയിലുളള ഓഫീസിലേക്ക് കടന്നുകയറിയ പ്രവർത്തകർ ജീവനക്കാരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി ചാനൽ ആരോപിച്ചു. പോലീസെത്തി പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും എസ്എഫ്‌ഐക്കാർ അനുസരിക്കാൻ തയ്യാറായില്ല. എട്ടരയോടെ എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മീഷണറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയതോടെയാണ് പ്രവർത്തകർ ഓഫീസിന് പുറത്തേക്ക് മാറാൻ തയ്യാറായത്.
ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഓഫീസ് പരിസരത്ത് ഈ സ്ഥാപനം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന ബാനർ പതിച്ച ശേഷമാണ് സംഘം മടങ്ങിയത്. വാർത്താചാനലുകളിൽ തിരക്കേറിയ സമയത്ത് ഓഫീസിനുളളിൽ കടന്നുകയറി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയുടെ നടപടിയെ വിമർശിച്ച് ഇടത് സഹയാത്രികർ തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
നേരത്തെ വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കടന്നുകയറി അക്രമം നടത്തുകയും വാഴ നടുകയും ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രവൃത്തി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. സമാനമായ സാഹചര്യമാണ് ഏഷ്യാനെറ്റിനെതിരായ പ്രതിഷേധത്തിലും ആവർത്തിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ചാനൽ സംപ്രേഷണം ചെയ്ത പരമ്പരയിൽ 14 കാരിയായ ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ വാർത്തയും ഉൾപ്പെടുത്തിയിരുന്നു. വാർത്തയും വീഡിയോയും ഏറെ ചർച്ചയാകുകയും ചെയ്തു. എന്നാൽ ഈ വാർത്ത സത്യമല്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടതെന്നും വ്യാജ വാർത്ത ചമച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പിവി അൻവറിന്റെ ചോദ്യത്തിന് നൽകിയ മറുപടി.
Discussion about this post