മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 2023 ലെ പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തോട് ചേർന്ന കെട്ടിടങ്ങളുടെ മുഖംമിനുക്കൽ വിവാദമായി. ക്ഷേത്ര ഓഫീസിന് പച്ചനിറം പൂശിയതിനെതിരെയാണ് ഹൈന്ദവ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നത്. സാധാരണ ക്ഷേത്രങ്ങളിൽ കണ്ടുവരാത്ത നിറമാണ് പച്ച. അതുകൊണ്ടു തന്നെ ഹൈന്ദവ വികാരം വ്രണപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നാണ് ആരോപണം.
സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. അബ്ദുസമദ് സമദാനി എംപി രക്ഷാധികാരിയും മഞ്ഞളാംകുഴി അലി എംഎൽഎ ചെയർമാനുമായുളളതാണ് പൂരാഘോഷത്തിന്റെ സംഘാടക സമിതി. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുളളതാണ് ക്ഷേത്രം. ഈ മാസം 28 മുതൽ ഏപ്രിൽ ഏഴ് വരെയാണ് പൂരം.
ക്ഷേത്ര കമ്മിറ്റിയിലെ സിപിഎം അംഗങ്ങളാണ് പച്ചനിറം അടിക്കാൻ നിർദ്ദേശിച്ചതെന്നാണ് വിവരം. ഒറ്റ നോട്ടത്തിൽ മസ്ജിദിന് സമാനമായിട്ടാണ് ക്ഷേത്രത്തിലെ കെട്ടിടം ഇപ്പോൾ തോന്നുക. കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ പ്രശസ്തമായ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ ഉൾപ്പെടെ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. അമ്പലങ്ങളിൽ പച്ചയ്ക്ക് വിലക്കില്ലല്ലോ അല്ലേയെന്ന് കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ച് കെപി ശശികല ടീച്ചർ ചോദിച്ചു.
Discussion about this post