തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറപ്പെടുവിച്ചു. വിലക്ക് ലംഘിച്ച് ശാഖയുടെ പ്രവർത്തനം തുടരുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കാനാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
ആചാരങ്ങളും ചടങ്ങുകളും അല്ലാതെ മറ്റൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശത്തിൽ പറയുന്നു. ക്ഷേത്ര പരിസരത്ത് ആയുധ- കായിക പരിശീലനം അനുവദിക്കില്ല. ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധമില്ലാതെ പ്രവർത്തികൾ അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ അകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള കൊടിതോരണങ്ങളും അനുവദിക്കില്ലെന്നും സർക്കുലറിൽ പറയുന്നു.
നിർദ്ദേശങ്ങൾ ലംഘിച്ച് ശാഖയുടെ പ്രവർത്തനങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യം ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും നിരീക്ഷിക്കുകയും, ഉണ്ടെങ്കിൽ തടയുകയും വേണം. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. വിലക്ക് ലംഘിച്ച് ശാഖ നടത്തുന്ന ആർഎസ്എസുകാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
2021 ഏപ്രിലിലും ക്ഷേത്രത്തിൽ ശാഖകൾക്ക് വിലക്കേർപ്പെടുത്തികൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇതിന് ദേവസ്വം ഉദ്യോഗസ്ഥർ പ്രസക്തി കൽപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post