തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുതൽ അഞ്ച് ദിവസമാണ് സംസ്ഥാനത്ത് മികച്ച രീതിയിൽ വേനൽ മഴ ലഭിക്കുക. മഴയ്‌ക്കൊപ്പം ഇടി, മിന്നൽ എന്നിവയും ഉണ്ടാകാം. കാറ്റോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. കാസർകോട്, കണ്ണൂർ എന്നീ ജില്ലകൾ ഒഴികെയുള്ളിടങ്ങളിലാണ് മഴ ലഭിക്കുമെന്ന് പ്രവചനമുള്ളത്. മലയോര മേഖലയായ ഇടുക്കിയിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കാനാണ് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിലാണ്. യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ വ്യാപക മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
മഴ ലഭിക്കുമെങ്കിലും അന്തരീക്ഷത്തിലെ താപനിലയിൽ കാര്യമായ കുറവ് ഉണ്ടായിരിക്കില്ല. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം സംസ്ഥാനത്ത് ഇന്ന് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയ്ക്കാണ് സാദ്ധ്യതയെന്നും അധികൃതർ അറിയിച്ചു. ഇന്നലെ ഇടുക്കിയിലും തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചിരുന്നു.
Discussion about this post