കോഴിക്കോട് : സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. ഈ സാഹചര്യം തുടർന്നാൽ ജില്ലകളിൽ ജലക്ഷാമം രൂക്ഷമാകുമെന്നാണ് സി ഡബ്ല്യു ആർ ഡി എമ്മിലെ ശാസ്ത്രജ്ഞറുടെ മുന്നറിയിപ്പ്. സാധാരണയായി ലഭിക്കേണ്ട വേനൽ മഴ വരും ദിവസങ്ങളിൽ ലഭിക്കണം. അല്ലാത്തപക്ഷം ജലശ്രോതസ്സുകളിലെ ജന നിരപ്പ് താഴ്ന്ന് കടുത്ത ജലക്ഷാമം ആയിരിക്കാം നേരിടേണ്ടിവരുന്നതെന്നും ശാസ്ത്രഞ്ജർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ ചൂടിൽ പല ജില്ലകളിലും ഭൂഗർഭ ജലത്തിൻറെ അളവിൽ കുറവ് വന്നിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ വേനൽ കടുക്കും. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ അന്തരീക്ഷ താപ നില കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്ന് നിൽക്കുകയാണ്. പാലക്കാട് ജില്ലയിൽ രാത്രി കാലത്തെ താപനിലയിൽ 2.9 ഡിഗ്രിയുടെ വർധനവുണ്ടായി. അതേസമയം കൊച്ചി, കൊല്ലം, തൃശൂർ ജില്ലകളിൽ താപനില കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. മഴ ലഭിച്ചില്ലെങ്കിൽ അന്തരീക്ഷ താപനില ഇനിയും ഉയരും. ഇത് രാത്രികാലങ്ങൾ പോലും ചൂട് അനുഭവപ്പെടുന്നതിലേക്ക് നയിക്കും. മഴ ലഭിച്ചാൽ
അന്തരീക്ഷ ബാഷ്പീകരണം നിയന്ത്രിക്കാൻ സഹായകമാണ്.
കാസർകോട് ,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശ്ശൂർ ജില്ലകളിലാണ് ഭൂഗർഭ ജലനിരപ്പ് ഏറെ താഴ്ന്ന് നിൽക്കുന്നത്. ഇക്കാരണത്താൽ ഇവിടങ്ങളിലെ ചില സ്ഥലങ്ങളെ ക്രിട്ടിക്കൽ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജലക്ഷാമം രൂക്ഷമാകുന്നത് തടയാൻ ജലവിനിയോഗത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം. നല്ല വേനൽ മഴ ലഭിച്ചാൽ വേനൽ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
Discussion about this post