കോഴിക്കോട്: താമരശ്ശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലേരി സ്വദേശി അരുൺജിത്താണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ തീ കൊളുത്തി കൊല്ലുന്നതിനായി ഇയാൾ പെട്രോളും ലൈറ്ററുമായി വരികയായിരുന്നു. എന്നാൽ ഇത് കണ്ട അമ്മ വേഗം വീടിനുള്ളിലേക്ക് ഓടിക്കയറി വാതിൽ അടച്ചു. തുടർന്ന് ബഹളംവച്ച് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾക്ക് പെൺകുട്ടിയോട് പ്രണയം തോന്നുകയായിരുന്നു. ഇതേ തുടർന്ന് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഇത് നിഷേധിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
മുൻപും ഇയാൾ ഇത്തരത്തിൽ കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ നടന്നില്ല. ഇതോടെയാണ് കൊലപ്പെടുത്താൻ ഉറപ്പിച്ച് ഇന്നലെ രാത്രി വീട്ടിൽ എത്തിയത്. രാത്രി വൈകിയോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും. ഭവന ഭേദനം, അപായപ്പെടുത്താൻ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് അരുൺജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post