കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ യുവാക്കളുമായി നടത്തുന്ന സംവാദ പരിപാടി യുവം 2023 ന്റെ ലോഗോ പ്രകാശനവും സംഘാടക സമിതി രൂപീകരണവും കൊച്ചിയിൽ നടന്നു. എംജി റോഡിന് സമീപം ഇംപീരിയൽ ഇൻസൈനിയയിൽ നടന്ന ചടങ്ങിൽ സിനിമാ താരം നീൽ ചക്രബർത്തി യുവയുടെ ലോഗോ പ്രകാശനം ചെയ്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. മാദ്ധ്യമപ്രവർത്തക സുജയ പാർവ്വതി യുവം 2023 വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിങ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലെ ക്രിയാത്മക യുവത്വത്തിന്റെ കൂട്ടായ്മയാണ് വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിങ് കേരള.
ഏപ്രിലിലാണ് പരിപാടി നടക്കുന്നത്. യുവാക്കളുടെ കർമ്മശേഷി രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുക കൂടിയാണ് പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ബിജെപി നേതാക്കളായ സി കൃഷ്ണകുമാർ ഡോ. കെഎസ് രാധാകൃഷ്ണൻ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ, ദേശീയ സെക്രട്ടറി പി ശ്യാം രാജ്, ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ ശങ്കു ടി ദാസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post