ഇസ്ലാമാബാദ്: പാകിസ്താനിൽ ഇരു സമുദായങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ 15 മരണം. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ദാര ആജം ഖേക് മേഖയിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
സുന്നിഖേൽ, സർഖുൺ ഖേൽ എന്നീ വിഭാഗങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്. കൽക്കരി ഖനിയുടെ അതിര് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആയിരുന്നു സംഘർഷത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. അതിര് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിൽ ദീർഘനാളായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് 15 പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിൽ കലാശിച്ചത്. തിങ്കളാഴ്ച ഇതിന്റെ പേരിൽ ഇരു വിഭാഗവും തമ്മിൽ വീണ്ടും തർക്കം ആരംഭിച്ചിരുന്നു. ഇതിനിടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തോക്കുൾപ്പെടെ കയ്യിൽ കരുതിയിരുന്ന വിഭാഗം അങ്ങോട്ടും ഇങ്ങോട്ടും വെടിയുതിർത്തു. ഇതിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്.
സംഭവം അറിഞ്ഞ് ഉടൻ പാക് പോലീസും സുരക്ഷാ സേനയും സ്ഥലത്ത് എത്തി. ഇവരാണ് സംഘർഷം പരിഹരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും ഇവർ സ്ഥലത്ത് എത്തിയ ശേഷമാണ്. സംഘർഷത്തിൽ പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല. ഇവരെ പെഷവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. കൽക്കരി ഖനിയുടെ അതിര് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിൽക്കുന്നുണ്ടെന്ന് പാക് പോലീസും പ്രതികരിച്ചു.
Discussion about this post