തൃശ്ശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
മൊബൈൽ ഫോണിൽ കുട്ടി വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കയ്യിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചത്. ഇതിൽ കുട്ടിയുടെ കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെ മരിച്ചു.
മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ കുട്ടിയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ.
Discussion about this post