മലപ്പുറം; വന്ദേഭാരത് എക്‌സ്പ്രസിന് നേരെയും രാജധാനി എക്‌സ്പ്രസിന് നേരെയും വീണ്ടും കല്ലേറ്. മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വെച്ചാണ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായത്. ട്രെയിനിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. ഇതിൽ സെല്ലോ ടേപ്പ് വെച്ച് ഒട്ടിച്ചാണ് യാത്ര തുടരുന്നത്.
കാസർകോഡ് കാഞ്ഞങ്ങാട് വെച്ചാണ് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. ആരാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂരിൽ തലശേരിക്കും മാഹിക്കും ഇടയിൽ വെച്ചും വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. സി എട്ട് കോച്ചിലെ ജനൽചില്ലാണ് അന്ന് പൊട്ടിയത്. ഇതിന് ശേഷം വന്ദേഭാരതിന്റെ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.
ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച മൂന്ന് ട്രെയിനുകൾക്ക് നേരെയും കല്ലേറ് ഉണ്ടായി. തിരുവനന്തപുരം- മുംബൈ നേത്രാവതി എക്‌സ്പ്രസിന്റെ എസി കോച്ചിന് നേരെയും മംഗലൂരു ചെന്നൈ സൂപ്പർ ഫാസ്റ്റിന് നേരെയുമായിരുന്നു കല്ലേറ്. ഇതിന് ശേഷം തുരന്തോ എക്‌സ്പ്രസിന് നേരെ പാപ്പിനിശേരിയിലും വളപട്ടണത്തിനും ഇടയിൽ വെച്ചും കല്ലേറ് ഉണ്ടായിരുന്നു.
ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കുന്നത് തടയാൻ പോലീസിന്റെ ഭാഗത്ത് നിന്നുളള ശക്തമായ നടപടി വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
Discussion about this post