ജിയോയുടെ കടന്നുവരവോടെ ടെലികോം വിപണിയില്‍ ഉണ്ടായ വീഴ്ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍. ഏപ്രില്‍ ഒന്നോടെ സൗജന്യ സേവനത്തില്‍ നിന്നും താരിഫുകളിലേക്ക് ജിയോ മാറുമെങ്കിലും ആറ് മാസമായി നേരിടുന്ന തിരിച്ചടി മറികടക്കാന്‍ മറ്റു കമ്പനികള്‍ക്ക് ഒരു വര്‍ഷം വരെ സമയം വേണ്ടി വരുമെന്ന് ടെലികോം രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാര്‍ച്ച് 31ന് ശേഷം പ്രൈം ഓഫറാണ് ജിയോയുടെ ആവനാഴിയിലെ അടുത്ത ആയുധം. 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുത്താല്‍ 303 രൂപ പ്രതിമാസ നിരയ്ക്കില്‍ പ്രതിദിനം ഒരു ജിബി വരെ ഡേറ്റ ഉപയോഗിക്കാം. പ്രതിദിനം പത്ത് രൂപാ നിരക്കില്‍ മാസം 30 ജിബി ഡേറ്റ ഓഫറില്‍ ലഭിക്കുമെന്ന് ചുരുക്കം.
ജിയോയുടെ ഇതേ തന്ത്രം തന്നെ പിന്തുടരുകയാണ് ഭാരതി എയര്‍ടെല്ലും. ജിയോ പ്ലാനുകളോട് കിടപിടിക്കുന്ന വിധത്തില്‍ ജിബിയ്ക്ക് പത്ത് രൂപ നിരക്കോടെ എയര്‍ടെല്‍ പുതിയ 3ജി/4ജി ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ചുവെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
145 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 14 ജിബി 3ജി/4ജി ഡേറ്റ ലഭിക്കും. എയര്‍ടെല്‍ ഇതുവരെ പുറത്തിറക്കിയവയില്‍ വെച്ച് ഏറ്റവും കുറവ് നിരയ്ക്കുള്ള ഓഫറാണിത്. ഓഫര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജിയോ ഓഫറിനോട് സമാനത പുലര്‍ത്തുന്നതിനൊപ്പം ചെറിയ പായ്ക്ക് ആണെന്നതാണ് എയര്‍ടെല്‍ ഓഫറിന്റെ സവിശേഷത. പ്രതിമാസം 30 ജിബി ഡേറ്റ ആവശ്യമില്ലാത്തവര്‍ക്ക് ജിയോ നല്കുന്ന അതേ നിരയ്ക്കില്‍ എയര്‍ടെല്ലിന്റെ ഓഫര്‍ പ്രയോജനപ്പെടും. അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളും ഓഫറില്‍ ലഭിക്കും. മറ്റേത് നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോള്‍ ഓഫര്‍ വേണമെന്നുള്ളവര്‍ക്ക് 349 രൂപയുടെ പായ്ക്കും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 14 ജിബി ഡേറ്റ ഈ ഓഫറില്‍ ലഭിക്കും. നേരത്തെ ഇതേ ഓഫറിന് ആയിരത്തിലധികം രൂപയാണ് എയര്‍ടെല്‍ ഈടാക്കിയിരുന്നത്.
ജിയോയുടെ ഒരു ജിബിയുമായി താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്ലില്‍ പ്രതിദിനം ഉപയോഗിക്കാവുന്ന ഡേറ്റാ പരിധി അര ജിബിയാണ്(500 എംബി / 0.5 ജിബി).
Discussion about this post