കൊച്ചി: ജിയോ വീണ്ടും ഓഫര്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോള്‍ തോറ്റുമടങ്ങാന്‍ തങ്ങളില്ലെന്ന മട്ടില്‍ ഞെട്ടിപ്പിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. ആരെയും ഞെട്ടിക്കുന്ന കിടിലന്‍ ഓഫറാണ് ഇത്തവണ ബിഎസ്എന്‍എലിന്റേത്. ഇക്കുറി മൊബൈലിനല്ല, വയര്‍ലൈന്‍ ബ്രോഡ്ബാന്റിലാണ് പുതിയ ഓഫര്‍ പ്രഖ്യാപനം.
ഒരു മാസത്തേക്ക് 249 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് സേവനമാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറനുസരിച്ച് പ്രതിദിനം 10ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ലഭിക്കുക. സൗജന്യകോളുകള്‍ രാത്രി 9 മണിമുതല്‍ രാവിലെ 7 മണിവരെ മാത്രമേ വിളിക്കാനാകൂ. ഒപ്പം ഞായറാഴ്ചകളിലും കോളുകളെല്ലാം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ഡാറ്റാ സ്പീഡ് 2 എംബിപിഎസ് ആയിരിക്കുമെന്നും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് ബ്രോഡ്ബാന്റെത്തിക്കുക എന്ന ലക്ഷ്യമാണ് ബിഎസ്എന്‍എല്‍ മുന്നോട്ടുവെക്കുന്നത്.
249 രൂപയ്ക്ക് മറ്റൊരു ഓഫറും കഴിഞ്ഞ സെപ്റ്റംബറില്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിദിനം ഒരുജിബിവരെ 2 എംബിപിഎസും അതിന് ശേഷം, 1 എംബിപിഎസുമായിരുന്നു അതിന്റെ വേഗത. മൊബൈലിന്റെ വരവോടെ നഷ്ടമായ ബ്രോഡ്ബാന്റിന്റെ പ്രൗഢി തിരിച്ചുപിടിക്കുകയാണ് പുതിയ ഓഫറിലൂടെ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.
മൊബൈലിലും സമാനമായ രീതിയില്‍ വമ്പന്‍ ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. 339 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന 2 ജിബി എന്ന ഓഫര്‍ കഴിഞ്ഞ മാസം മുതല്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്വര്ക്കുകളിലേക്ക് 25 മിനിട്ട് കോളുകള്‍ ഫ്രീയായി നല്‍കുമെന്നുമാണ് ആ ഓഫര്‍. മാര്‍ച്ച് 18 മുതലാണ് പുതിയ ഓഫര്‍ നിലവില്‍ വന്നത്. ഈ ഓഫറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ബിഎസ്എന്‍എല്ലിന്റെ റേഞ്ച് പ്രശ്നവും, നെറ്റിന് വേഗത ഇല്ലാത്തതുമെല്ലാമാണ് പ്രധാന പോരായ്മകളായി പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വയേര്‍ഡ് ബ്രോഡ്ബാന്റിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് തടയിടാനാകുമെന്നതില് തര്‍ക്കമില്ല.
Discussion about this post