ഇസ്താംബുള്‍: തൂര്‍ക്കിയില്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ചില സോഷ്യല്‍ മീഡിയകള്‍ സര്‍ക്കാര്‍ ബ്ലോക് ചെയ്തു. ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കിയ സംഭവത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ പ്രമുഖ സൈറ്റുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്.
ഫോട്ടോഗ്രാഫുകള്‍ തീവ്രവാദ പ്രചരണത്തിന്റെ ആയുധമാകുന്നതായി പ്രധാനമന്ത്രി അഹ്മദ് ദാവുതോഗ്ലു പറഞ്ഞു. അടുത്ത ദിവസം സംഭവത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങളെ പ്രോസിക്യൂട്ടറുടെ ശവസംസ്ക്കാര ചടങ്ങുകള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
ചിത്രങ്ങള്‍ നീക്കം ചെയ്യാതിരുന്ന 166 ഓളം വെബ്സൈറ്റുകളും സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. തുര്‍ക്കിയിലെ പല പ്രമുഖ വര്‍ത്തമാനപത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളും ഇവയിലുള്‍പ്പെടും.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ നിരോധിച്ച റവല്യൂഷനറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇസ്താംബുളിലെ കോടതിസമുച്ചയത്തില്‍ അതിക്രമിച്ചു കയറി ചീഫ് പ്രോസിക്യൂട്ടറായ മെഹ്മത്ത് സെലിം കിറാസിനെ ബന്ദിയാക്കിയത്. തുടര്‍ന്ന് സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പ്രോസിക്യൂട്ടറും രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.
Discussion about this post