പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കണമെന്ന ആഹ്വാനവുമായി ശിവസേന. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിനെതിരെയാണ് ശിവസേനയുടെ പ്രതികരണം. ശിവസേനയുടെ മുഖപത്രമായ സാമ്നയിലുടെയാണ് അഭിപ്രായപ്രകടനം. 2013ല്‍ 347 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. എന്നാല്‍ 2014 ആയപ്പോള്‍ ഇത് 562ല്‍ എത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിക്കുന്ന 32,000ത്തോളം ജനങ്ങള്‍ക്ക് അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നു എന്നും ലേഖനത്തില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുമ്പോള്‍ മാത്രമാണ് പാക് സൈന്യം പിന്‍വാങ്ങുന്നത്, പാക്കിസ്ഥാന് പോലെയുള്ള ഒരു ചെറു രാജ്യത്തിന് ഇത്രയും തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാമെങ്കില്‍ അവരുടെ പദ്ധതികളെ തകര്‍ക്കാന്‍ ഇന്ത്യയ്ക്കും അതാകമെന്നാണ് ശിവസേനയുടെ വാദം. പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി ദിനംപ്രതി മോശമായി വരികയാണെന്നും അമേരിക്കയുടെ സഹായംകൊണ്ട് മാത്രമാണ് രാജ്യം നിലനില്‍ക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പാക്കിസ്ഥാനു വിനയാകുന്നതെന്നും ലേഖനം പറയുന്നുണ്ട്. ഇന്ത്യയിലെ തീവ്രവാദ ആക്രമണങ്ങളില്‍ കുറവു വന്നിട്ടുണ്ട് എന്നാല്‍ പാക്കിസ്ഥാനില്‍ ഇത് ദിനവും സംഭവിക്കുന്ന കാര്യമായി തുടരുകയാണെന്നും ശിവസേന ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
Discussion about this post