ഡൽഹി: നാളെ 38ആം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്രസിംഗ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഐസിസി. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ താരം എന്ന വിശേഷണത്തോടെ ട്വിറ്ററിൽ ഐസിസി പങ്ക് വെച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
‘എം എസ് ധോണി- അത് വെറുമൊരു പേരല്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ നാമം, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ ത്രസിപ്പിക്കുന്ന നാമം, അനിഷേധ്യമായ പാരമ്പര്യം വഹിക്കുന്ന നാമം’. ഇതാണ് ഐസിസി ട്വീറ്റ് ചെയ്ത വീഡിയോയിലെ വാചകങ്ങൾ.
ധോണിയെക്കുറിച്ച് മറ്റ് പ്രമുഖ താരങ്ങളുടെ അഭിപ്രായങ്ങളും വീഡിയോയിലുണ്ട്.
ധോണി ക്രിക്കറ്റിന്റെ പാഠപുസ്തകമാണെന്നാണ് വീഡിയോയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഭിപ്രായപ്പെടുന്നത്. ടീമിനാകെ പ്രചോദനമാണ് ധോണിയെന്നാണ് ജസ്പ്രീത് ബുമ്രയുടെ അഭിപ്രായം.
ധോണിയെ മിസ്റ്റർ കൂൾ എന്ന് വിശേഷിപ്പിക്കുന്ന ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ, താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനണെന്നും വെളിപ്പെടുത്തുന്നു.
ധോണിയെപ്പോലെ മികച്ച ഒരു കളിക്കാരനും ചിന്തിക്കുന്ന വിക്കറ്റ് കീപ്പറും ഇനി ഉണ്ടാകുമോയെന്ന് സംശയമാണെന്നാണ് ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ അഭിപ്രായം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണിയോടൊപ്പം റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു സ്റ്റോക്സ്.
തന്റെ കരിയറിൽ പ്രധാനപ്പെട്ട എല്ലാ ക്രിക്കറ്റ് കിരീടങ്ങളും സ്വന്തമാക്കിയ ഇതിഹാസ താരമാണ് ധോണി. ഐസിസി ലോകകപ്പും ട്വെന്റി- ട്വെന്റി ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയ ഒരേയൊരു അന്താരാഷ്ട്ര നായകനാണ് ധോണി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ഒന്നാം റാങ്കിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മൂന്ന് തവണ കിരീടം ചൂടിക്കാനും അദ്ദേഹത്തിനായി.
ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ എന്നാണ് എം എസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്.
https://twitter.com/ICC/status/1147369582392295424
Discussion about this post