ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്താൻ തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തു വന്നത്.
സുരക്ഷാസേന ഉപയോഗിക്കുന്ന ഭക്ഷണവും വെള്ളവും വിഷലിപ്തമാക്കാനാണ് തീവ്രവാദികളുടെ പദ്ധതി.വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ഈ വിവരം ലഭിച്ച ശേഷം ഇന്റലിജൻസ് ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
കശ്മീർ താഴ്‌വരയിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളോട് ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണമഴിച്ചു വിടാൻ പാകിസ്ഥാന്റെ ഐ.എസ്.ഐ ഉത്തരവിട്ടിട്ടുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.തീവ്രവാദികളും അവരുടെ പാകിസ്ഥാൻ ആസ്ഥാനമായുള്ള നേതാക്കന്മാരും തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തിയപ്പോഴാണ് ഐഎസ്‌ഐയുടെ ആക്രമണ പദ്ധതി വെളിപ്പെട്ടത്.
ഇതിന്റെ അനുബന്ധമെന്നോണം,ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഈ ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ ഇന്ത്യൻ സൈന്യം വിജയിച്ചിട്ടുണ്ടെന്നും കരസേനാ മേധാവി മിലിന്ദ് മുകുന്ദ് നരവനെ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.ഇതോടൊപ്പം ,ഭീകര ക്യാമ്പുകൾ, തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ എന്നിവയെല്ലാം പാകിസ്ഥാനിൽ നിലനിൽക്കുന്നതിനാൽ ,ഇന്ത്യയുടെ ഭാഗത്ത് അനാവശ്യമായ ഒന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ സൈന്യം വളരെ ജാഗ്രത പുലർത്തണമെന്നും കരസേനാ മേധാവി വ്യക്തമാക്കിയിരുന്നു.
Discussion about this post