കൊല്ലം: കൊറോണ വൈറസ് വ്യാപനം പടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയ്ക്ക് ആശ്വാസമായി പരിശോധന ഫലം പുറത്ത്. കൊറോണ സ്ഥിരീകരിച്ച കൊല്ലം പ്രാക്കുളം സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ്. ഇദ്ദേഹത്തെ ചികിത്സിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, നഴ്‌സ്, സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, വിമാനത്തിലെ എട്ടു സഹയാത്രികര്‍ എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. 24 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 പേരുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
അതേസമയം അറുപതോളം പേരുടെ പരിശോധനാ ഫലം കൂടി ഇനിയും പുറത്തു വരാനുണ്ട്. രോഗബാധ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈ റിസ്‌ക് പട്ടികയില്‍ 73പേരും ലോ റിസ്‌ക് പട്ടികയില്‍ 56പരുമാണ് ഉള്ളത്. എന്നാൽ രോഗിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച അടുത്ത ബന്ധുക്കളുടെ ഫലം ഇനിയും പുറത്തു വന്നിട്ടില്ല.
കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ 19 പേർക്ക് രോഗമില്ലെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഈ പ്രചരണം വ്യാജമാണെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൊല്ലാം ജില്ലാ കളക്ടർ അറിയിച്ചു.
Discussion about this post