തിരുവനന്തപുരം:കേരളം ഏറെ കാത്തിരുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങ് വിസ്മയമാകുമെന്ന് കരുതി കാഴ്ച കാണാനിരുന്നവര്‍ക്ക് ലഭിച്ചത് നിരാശ. സംഘാടനത്തിലും അവതരണത്തിലും പാടെ പാളിപോയ ഉദ്ഘാടനചടങ്ങാണ് തലസ്ഥാനഗരിയില്‍ അരങ്ങേറിയത്.
ലാലിസം പാളി
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ആവേശം പകരുമെന്ന് പ്രതീക്ഷിച്ചിരുന്ന മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധം
പരിപാടി ബോറടിപ്പിച്ചു, ഇതെന്ത് ലാലിസം..മോഹന്‍ലാല്‍ പേര് കളഞ്ഞു തുടങ്ങി മോഹന്‍ലാലിനെതിരെയും ലാലിസത്തിനെതിരെയും ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.
ലാലിസവും തുടര്‍ന്ന് നടന്ന ഗാനമേളയും കാണാന്‍ അധികമാരും ഇരുന്നു കൊടുത്തില്ല എന്നത് പരിശോധിച്ചാല്‍ തന്നെ പരിപാടി ഫ്‌ലോപ് ആയിരുന്നുവെന്ന് വ്യക്തമാകും. അവതരണത്തിലും ലാലിസം പലയിടത്തും പാളുന്ന കാഴ്ചയും കണ്ടു. നേരത്തെ റെക്കോഡ് ചെയ്ത പാട്ടിനോട് ചേര്‍ന്ന് ചുണ്ടനക്കുന്നതില്‍ പോലും കലാകാരന്മാര്‍ പരാജയപ്പെട്ടുവെന്നാണ് കാണികളില്‍ ചിലരുടെ വിമര്‍ശനം.
പരിപാടിയ്ക്ക് മോഹന്‍ലാല്‍ പണം വാങ്ങിയെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് കൂടി ചേര്‍ത്ത് വച്ചാണ് മിക്കവരും പരിപാടിയെ വിലയിരുത്തിയത് എന്നതും വിമര്‍ശനത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു.
പരിപാടിയ്ക്കായി ഒരു പൈസ് പോലും വ്യക്തിപരമായി വാങ്ങിയില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എങ്കില്‍ ആര്‍ക്കൊക്കെ പണം നല്‍കി, എങ്ങനെ ചിലവഴിച്ചു തുടങ്ങിയ കണക്കുകള്‍ പുറത്ത് പറയുമോ എന്ന മുന്‍ മന്ത്രിയുടെ ചോദ്യവും ചിലര്‍ ഉന്നയിക്കുന്നു. എന്തായാലും ലാലിസം മുന്നോട്ട് വച്ച വിവാദങ്ങള്‍ ഇനിയും തുടരുമെന്ന് ഉറപ്പ്
സംഘാടനത്തില്‍ പാടെ പാളി പോയ ഉദ്ഘാടന മഹാമഹം
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ക്ഷണിക്കാന്‍ വിട്ടു പോയതും, പരസ്യത്തില്‍ നിന്ന് വിഎസിനെ ഒഴിവാക്കിയതും തുടക്കത്തിലെ കല്ലുകടിയായി. രാഷ്ട്രീയ കക്ഷി ഭേദമന്യേ നടത്തേണ്ട പരിപാടിയില്‍ രാഷ്ട്രീയവിവാദങ്ങള്‍ കടന്നുവന്നു. വി.എസ് ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
വിഎസിന് ഒഴിവാക്കാന്‍ സംഘാടകര്‍ക്ക് കാരണമുണ്ടായിരിക്കാം. എന്നാല്‍ അര്‍ഹരായ പലരെയും ക്ഷണിക്കാന്‍ വിട്ടുപോയി. തിരുവനന്തപുരത്ത് തന്നെയുള്ള കെം ബീനാമോള്‍, ബോബി അലോഷ്യസ്, എന്നി ഒളിപ്യന്മാരെ പോലും പരിപാടിക്കെത്തിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. പലരെയും മന്ത്രി അവസാനനിമിഷം ക്ഷണിക്കുകയായിരുന്നു. പാസ് വിതരണത്തിലും പാളിച്ചകളുണ്ടായി. പാസ് സമയത്ത് നല്‍കാത്തത് മൂലം പലരും പരിപാടിയ്‌ക്കെത്തിയില്ല.
വിവാദങ്ങള്‍ ഇത്തവണ റെക്കോഡിഡുമോ എന്ന് കാത്തിരിക്കുന്നവര്‍ക്ക് ഈ സംക്ഷിപ്ത വിവരണം ഗുണം ചെയ്യും
ഇത് വരെ ഒരു സ്റ്റേജ് പോലും കയറാത്ത ലാലിസം ബാന്‍ഡിന് നല്‍കിയത് രണ്ട് കോടി. മനോരമയ്ക്ക് 10 കോടി, ഓണ്‍ലൈന്‍ ഉള്‍പ്പടെയുള്ളവരുടെ സഹകരണം ഉറപ്പിക്കാന്‍ പരസ്യ ഇനത്തില്‍ അന്‍പത് കോടി. യാതൊരു മാനദണ്ഡവുമില്ലാതെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന പേരില്‍ പലര്‍ക്കും പരസ്യം നല്‍കി.
അതുകൊണ്ട് ഗെയിംസിനെതിരെയുള്ള വിമര്‍ശനം കുറയുമെന്നാണ് സംഘടകരുടെ കണക്ക് കൂട്ടല്‍.പാടെ പാളിയ ഉദ്ഘാടന ചടങ്ങിനെ വാനോളം പുകഴ്ത്തി പല മാധ്യമങ്ങളും ഇന്ന് കൂറ് തെളിയിച്ച് തുടങ്ങി. അത് തന്നെയാണ് സംഘടാകര്‍ പ്രതീക്ഷിച്ചിരുന്നതും.
ക്രിക്കറ്റ് മത്സര ഇനമല്ലെങ്കിലും കാര്യവട്ടത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നല്‍കിയത് 250 കോടിയെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ പ്രമുഖരെ ആരെയെങ്കിലും ഉദ്ഘാടനത്തിനെത്തിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. ദേശീയ ഗെയിംസായിട്ട് പോലും ഉദ്ഘാടമചടങ്ങില്‍ സച്ചിനൊഴികെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു സെലിബ്രറ്റിയെ പോലും എത്തിക്കാനായില്ല. പരിപാടിയ്ക്ക് ഒരു ദേശീയ കലാ പങ്കാളിത്തം ഉണ്ടായില്ലെന്നതും പോരായ്മയായി.
വേദികള്‍ തയ്യാറാക്കിയത് യുദ്ധകാലാടിസ്ഥാനത്തില്‍ അവസാന നിമിഷമാണ്. അത് കൊണ്ട് തന്നെ വന്‍ സാമ്പത്തിക ചിലവ് വരും. അടിയന്തര വര്‍ക്കുകള്‍ ചെയ്യാന്‍ ഹരമുള്ള വകുപ്പുകള്‍ ലക്ഷങ്ങള്‍ വെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിശീലനം സൗകര്യമില്ല, താമസം സൗകര്യം പോര, സ്‌റ്റേഡിയങ്ങളുടെ നിലവാരം കുറവ് ഇങ്ങനെ പരാതികള്‍ തുടക്കത്തിലെ റെക്കോഡിട്ടു കഴിഞ്ഞു.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങുകള്‍ മാധ്യമങ്ങള്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം അലയടിക്കുകയാണ്.
Discussion about this post