ഫ്ലിപ്കാര്‍ട്ടിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോള്‍ സൂഹൃത്തുക്കളോടൊപ്പം ചാറ്റ് ചെയ്യാന്‍ ‘പിംഗ്’ എന്ന പുതിയ സേവനം ഫ്ലിപ്കാര്‍ട്ട് അവതരിപ്പിച്ചു. വിവിധ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും ലിങ്കുകളും സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ ആരായാനും ഈ സേവനം ഉപകരിക്കും.
ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്കായിരിക്കും നിലവില്‍ ഫ്ലിപ്കാര്‍ട്ട് പിംഗ് സേവനം ലഭിക്കുക. ഇന്‍വൈറ്റ് ലഭിച്ച ആള്‍ക്ക് പരമാവധി 10 സുഹൃത്തുക്കളെവരെ പിംഗിലേയ്ക്ക് ക്ഷണിക്കാനും കഴിയും. തങ്ങള്‍ക്കൊപ്പമുള്ള ഷോപ്പിംഗ് അനുഭവം ഒരു സോഷ്യല്‍ അനുഭവമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആപ്പില്‍ പിംഗ് ലഭ്യമാക്കിയിരിക്കുന്നതെന്നാണ് ഫ്ലിപ്കാര്‍ട്ട് വൃത്തങ്ങള്‍ ഈ സേവനത്തെക്കുറിച്ച് പറയുന്നത്.
ഇകോമേഴ്സ് രംഗത്തെ ഇന്ത്യയിലെ അതികായരായ ഫ്ലിപ്കാര്‍ട്ടിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായി മാര്‍ച്ചില്‍ ചുമതലയേറ്റ പുനീത് സോണി ഗൂഗിളില്‍ നിന്നുമാണ് ഫ്ലിപ്കാര്ട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം പിംഗ് സേവനത്തില്‍ നിലവിലുള്ള ഇന്‍വൈറ്റ് സംവിധാനം ആദ്യ പ്രതികരണങ്ങള്‍ അറിയാനുള്ള മാര്‍ഗ്ഗമായാണ് ഉപയോഗിച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് നിലവില്‍ 50 മില്യണ്‍ രജിസ്ട്രേഡ് ഉപഭോക്താക്കളുണ്ടെന്നും ഓരോ ഉപഭോക്താവും മാസത്തില്‍ ശരാശരി 59 മിനിറ്റ് എന്ന കണക്കില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഫ്ലിപ്പ്കാര്‍ട്ട് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഫ്ലിപ്കാര്‍ട്ട് പൂര്‍ണ്ണമായും മൊബൈലില്‍ മാത്രം ലഭിക്കുന്ന രീതിയിലുള്ള ശ്രമങ്ങള്‍ക്ക് കമ്പനി തുടക്കമിട്ടു കഴിഞ്ഞു എന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് പിംഗുമായുള്ള ഫ്ലിപ്കാര്‍ട്ടിന്റെ വരവ്.
Discussion about this post