പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതാര പുരുഷൻ എന്ന് വിശേഷിപ്പിച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടൻ കൃഷ്ണകുമാർ. ഓണം പ്രമാണിച്ച് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
‘പ്രധാനമന്ത്രിയെ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം ഭരണച്ചുമതല ഏറ്റതിനു ശേഷം ചെയ്ത പ്രവർത്തനങ്ങളെല്ലാം രാജ്യത്തിന്റെ അഭിവൃദ്ധിയും സുരക്ഷയും കണക്കിലെടുത്തായിരുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഒരുപാടു കാര്യങ്ങൾ അദ്ദേഹം ചെയ്തു. പാവങ്ങൾക്ക് സൗജന്യ ഗ്യാസ്, ആരോഗ്യമേഖലയിൽ അഞ്ചു ലക്ഷത്തിന്റെ ഇൻഷുറൻസ്, വൺ റാങ്ക് വൺ പെൻഷൻ തുടങ്ങി ആയിരക്കണക്കിന് പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കുന്നത്.‘ കൃഷ്ണകുമാർ പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി ഓയിൽ റിസർവ് സംവിധാനം നടപ്പാക്കിയത് നരേന്ദ്രമോദി ഗവണ്മെന്റ് ആണ്. അതുപോലെ നമ്മുടെ രാജ്യത്ത് പലയിടത്തും ബോംബ് സ്ഫോടനങ്ങൾ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ 2014 നു ശേഷം കാശ്മീരിന് പുറത്ത് ഒരു ഭാഗത്തും വലിയ ബോംബ് ആക്രമണങ്ങൾ ഒന്നു പോലും നടന്നിട്ടില്ല. ജനം അതൊക്കെ മറന്നു കഴിഞ്ഞു. ശാന്തമായ അന്തരീക്ഷമാണിപ്പോൾ. ഒരു ഭരണകൂടം മാറിവരുമ്പോൾ ഉണ്ടാകുന്ന മാറ്റം ആ നാട്ടിലെ ജനങ്ങൾക്കു നല്ലതാണെങ്കിൽ അത് എന്തുകൊണ്ടു നല്ലതെന്ന് പറഞ്ഞു കൂടായെന്നും കൃഷ്ണകുമാർ ചോദിക്കുന്നു.
പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുമ്പോൾ വിമർശിക്കുന്നവർ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങൾക്കോ കുടുംബത്തിനു വേണ്ടിയോ അല്ല യാത്ര ചെയ്തിരുന്നത്. അദ്ദേഹം പോകുന്നതെല്ലാം രാജ്യത്തിന് നേട്ടമുണ്ടാകാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു. എത്രയോ രാജ്യങ്ങൾ അദ്ദേഹത്തെ ആദരിക്കുന്നു. എന്തുകൊണ്ട് നമ്മുടെ നാട്ടിലുള്ളവർ മാത്രം വിമർശിക്കുന്നു. രാജീവ് ഗാന്ധിക്കും മന്മോഹൻ സിംഗിനും എതിരെ ഇല്ലാത്ത അസഹിഷ്ണുത എന്തുകൊണ്ടാണ് നരേന്ദ്രമോദിയോട് മാത്രം ഉണ്ടാകുന്നത്? കൃഷ്ണകുമാർ ചോദിച്ചു.
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ, സാനിറ്ററി നാപ്കിനെപ്പറ്റിയുള്ള പ്രഖ്യാപനത്തെപ്പറ്റിയും കൃഷ്ണകുമാർ വ്യക്തമായ അഭിപ്രായം പറഞ്ഞു. ‘നാലു പെൺകുട്ടികൾ ഉള്ള എനിക്ക് സാനിറ്ററി നാപ്കിന്റെ പ്രാധാന്യം എന്താണെന്ന് നന്നായി അറിയാം. ഓരോ മാസവും അവർ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും സമ്മർദ്ദങ്ങളും അറിയാം. 136 കോടി ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള, രാജ്യാന്തര കാര്യങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരി, ഇത്രയും അടിസ്ഥാനപരമായ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുന്നു എന്നു കേൾക്കുന്നത് തന്നെ നല്ല കാര്യമല്ലേ? എല്ലാവരുടെയും നല്ല ജീവിതമാണ് ഒരു ഭരണാധികാരി സ്വപ്നം കാണേണ്ടത്. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയെ ആർക്കാണ് പ്രശംസിക്കാതിരിക്കാൻ കഴിയുക? താരം ചോദിക്കുന്നു.
ചെറുപ്പം മുതൽ ആർ എസ് എസിനോടുള്ള താത്പര്യവും കൃഷ്ണകുമാർ തുറന്നു പറഞ്ഞു. 1980 മുതൽ താൻ ആർ എസ് എസ് ശാഖയിൽ പോയിട്ടുണ്ടെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. കോളേജിൽ പഠിക്കുമ്പോൾ താൻ എബിവിപി അനുഭാവി ആയിരുന്നുവെന്നും കൃഷ്ണകുമാർ തുറന്ന് പറഞ്ഞു. 1989ലെ തിരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങിയ കാര്യവും കൃഷ്ണകുമാർ ഓർമ്മിച്ചു.
രാഷ്ട്രീയ കാഴ്ച്ചപ്പാട് വിവാദമായപ്പോൾ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പിന്തുണയറിയിച്ച് ഒരു പ്രസ്താവന ഇറക്കിയിരുന്നു. പിന്നെ മകളുടെ ഒരു പ്രശ്നം വന്നപ്പോൾ കേന്ദ്രമന്ത്രി വി. മുരളീധരൻ വിളിച്ചു തന്നോടും മകളോടും സംസാരിച്ച കാര്യവും കൃഷ്ണകുമാർ തുറന്നു പറഞ്ഞു.
Discussion about this post