തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ തലസ്ഥാനത്ത് ശക്തിയാർജ്ജിക്കുന്നു. മഹിളാമോർച്ചയും യുവമോർച്ചയും നടത്തിയ മാർച്ചുകളുടെ നേർക്ക് പൊലീസ് അതിക്രമം കാട്ടി. സമീപകാലത്ത് തലസ്ഥാനം നഗരം സാക്ഷിയായ ഏറ്റവും വലിയ വനിതാ പ്രക്ഷോഭമായി മാറിയ മഹിളാ മോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ച് പൊലീസിന്റെ കണക്ക് കൂട്ടലുകൾക്ക് അപ്പുറമായിരുന്നു.
യുവമോർച്ച- മഹിളാമോർച്ച മാർച്ചുകൾക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ഇപ്പോഴും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുകയാണ്.
കൊച്ചിയിലും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും സമരക്കാർക്കുനേരെ പൊലീസ് അക്രമം അഴിച്ചു വിട്ടു. കട്ടപ്പന മിനി സിവിൽസ്റ്റേഷനിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ ലാത്തിചാർജ് ഉണ്ടായി. പ്രതിഷേധം തുടർന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന- ജില്ലാ നേതാക്കൾ ഉൾപ്പെടെ 9 പേർ അറസ്റ്റിലായി.
പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും എംഎസ്എഫും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. എന്നാൽ വിഷയത്തിൽ മന്ത്രി ജലീൽ മൗനം തുടരുകയാണ്. ജലീലിന്റെ രാജി വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഭരണപക്ഷം മന്ത്രിയെ ന്യായീകരിക്കാൻ പുതിയ വാദഗതികൾ തേടുകയാണ്. ഇന്നലെ രാത്രി പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്ത് എത്തിയ മന്ത്രി ഔദ്യോഗിക വസതിയിൽ തുടരുകയാണ്.
Discussion about this post