കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. എല്ലാം ചെയ്തത് ശിവശങ്കറിന്‍റെ അറിവോടെയാണെന്നും തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി.
ശിവശങ്കർ നൽകിയ മൊഴികളെ തകിടം മറിക്കുന്നതാണ് വേണുഗോപാലിന്റെ മൊഴി. ഓരോ ഘട്ടത്തിലും ശിവശങ്കറിന്‍റെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും എല്ലാത്തിനും വാട്ട്സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.
സുഹൃത്തായ സ്വപ്നയ്ക്ക് പാരിതോഷികമായി കിട്ടിയ പണം സൂക്ഷിക്കുന്നതിന് സഹായിക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു. ഇതിനായി തന്‍റെ വീട്ടിൽ ഇരുവരും എത്തി. 34 ലക്ഷം രൂപയാണ് ആദ്യം ഏൽപിച്ചത്. ശിവശങ്കറിന്‍റെ കൂടി അറിവോടെയാണ് ലോക്കർ തുറന്നതെന്നും വേണുഗോപാൽ മൊഴിയിൽ പറയുന്നു. തന്‍റെ കൂടെ പേരിൽ ലോക്കർ തുറന്നശേഷം മൂന്നൂ നാലു തവണയായി സ്വപ്നയ്ക്ക് പണമെടുത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ ശിവശങ്കറെ ധരിപ്പിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറയുന്നു.
എന്നാൽ നേരത്തെ ശിവശങ്കർ ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. വേണുഗോപാലുമായി പരിചയപ്പെടുത്തിയതല്ലാതെ പണമിടപാടുകൾ താനറിഞ്ഞിരുന്നിന്നെല്ലാണ് ശിവശങ്കർ നേരത്തെ എൻഫോഴ്സ്മെന്റിനോട് പറഞ്ഞിരുന്നത്. ലൈഫിലടക്കം സംസ്ഥാന സർക്കാരിന്‍റെ സുപ്രധാന പദ്ധതികളുടെ ഔദ്യോഗിക വിവരങ്ങൾ ശിവശങ്കർ സ്വപ്ന സുരേഷിന് കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു.
Discussion about this post