പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി. പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മഹാസഖ്യത്തെ ചങ്ങലക്കു ബന്ധിപ്പിക്കുന്നതുപോലെയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസിനെ മഹാസഖ്യത്തില്‍ ചേര്‍ത്തതോടെ തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടായത് ബിജെപിക്കാണ്.
പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തതുവഴി കോണ്‍ഗ്രസ് മഹാഗത്ബന്തനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറി. 70 സ്ഥാനാര്‍ഥികളെ അവര്‍ നിര്‍ത്തി, പക്ഷേ 70 പൊതു റാലികള്‍ പോലും കോണ്‍ഗ്രസ് നടത്തിയിട്ടില്ല.
മൂന്ന് ദിവസത്തേക്ക് രാഹുല്‍ ഗാന്ധി വന്നു, പ്രിയങ്ക ഗാന്ധി വന്നില്ല, ബിഹാറുമായി പരിചയമില്ലാത്തവരാണ് കോണ്‍ഗ്രസിനുവേണ്ടി ഇവിടെയെത്തിയത്. ഇത് ശരിയായില്ല. ബിഹാറിലെ തെരഞ്ഞെടുപ്പ് സമയം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരു വിനോദയാത്രയില്‍ ആയിരുന്നു. ഷിംലയില്‍ ഇരുവരും പിക്നിക് നടത്തുകയായിരുന്നു. ഇങ്ങനെയാണോ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെ നയിക്കേണ്ടത്?. കോണ്‍ഗ്രസ് പാര്‍ട്ടി രീതി ബിജെപിയ്ക്ക് ഗുണം ചെയ്യുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ഇത്.
കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ ബീഹാറില്‍ മാത്രമുള്ളതല്ലെന്നും ഈ രീതി മറ്റു സംസ്ഥാനങ്ങളിലും കാണാം. മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ മത്സരിക്കാന്‍ ശ്രമിക്കും. എന്നാല്‍ കൂടുതല്‍ സീറ്റുകളില്‍ ജയം നേടാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് ചിന്തിക്കണം. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്കാന് ഞങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അവര്‍ക്ക് ലഭിച്ച സീറ്റുകളില്‍ മത്സരം എളുപ്പമുള്ളതല്ലാത്തതിനാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിനും അറിയാമായിരുന്നുവെന്നും ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.
Discussion about this post