തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് നിർണ്ണായക വഴിത്തിരിവിൽ. നയതന്ത്ര ബാഗേജ് വഴി കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയും സരിത്തും ഇത് സംബന്ധിച്ച് കസ്റ്റംസിന് മുമ്പാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
കള്ളപ്പണം കടത്തിയ ഉന്നതരുടെ വിവരങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദിഖിനേയും നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വർണ്ണക്കടത്തിന് സമാന്തരമായി ഡോളർ കടത്തും കസ്റ്റംസ് അന്വേഷിച്ചു വരികയാണ്. ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദിഖിനേയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് അവരുടെ വീടുകളില്‍ നിന്ന് കസ്റ്റംസ് വാഹനത്തിൽ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
സംസ്ഥാനത്തെ പല പ്രമുഖരുടേയും പണം നയതന്ത്ര ചാനൽ വഴി വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴി പുറത്ത് വന്നാല്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. അതിനിർണ്ണായകമായ വഴികളിലൂടെയാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ഇപ്പോൾ മുന്നോട്ട് നീങ്ങുന്നത്.
Discussion about this post