തിരുവനന്തപുരം: സിപിഎം നേതാവ് സക്കീർ ഹുസൈന്റെ സ്വത്തുവിവരത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ കഴിഞ്ഞ പത്തുവർഷത്തിനിടെ വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും പാർട്ടി അനുവാദമില്ലാതെ വിദേശയാത്ര നടത്തിയെന്നും പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തി.
സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന വി എ സക്കീർ ഹുസൈൻ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം പ്രതിയാണ്. ഇയാളെ തിരുത്തുന്നതിലും തെറ്റു ചൂണ്ടിക്കാണിക്കുന്നിതലും കളമശേരി ഏരിയാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായതായും പാർട്ടി കണ്ടെത്തി.
സ്വത്തുക്കൾ വാങ്ങിക്കൂട്ടുമ്പോള്‍ അക്കാര്യം പാർട്ടി കമ്മിറ്റികളിൽ അറിയിച്ചില്ല. പത്തുവർഷത്തിനിടെ നാല് വീടുകളാണ് വാങ്ങിയത്. 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരെണ്ണം വാങ്ങാൻ നീക്കമുണ്ടായതായും കണ്ടെത്തി. 2016ൽ പാർട്ടിയെ അറിയിക്കാതെ വിദേശത്ത് പോയി. ചോദിച്ചപ്പോൾ ദുബായിലേക്കെന്നായിരുന്നു സക്കീർ ഹുസൈന്‍റെ മറുപടി. എന്നാൽ ഇയാൾ ദുബായിലേക്കല്ലെന്നും ബാങ്കോക്കിലേക്കാണ് പോയതെന്നും പിന്നീട് വ്യക്തമായി.
സക്കീർ ഹുസൈന്‍റെയും ഭാര്യയുടെയും വരുമാനവും മറ്റ് വീടുകളുടെ വാടകയും കണക്കാക്കിയാൽ പോലും ഇത്രയും വരുമാനമുണ്ടാകാൻ ഇടയില്ലാത്ത സാഹചര്യത്തിൽ ഇയാളുടെ അനധികൃത സ്വത്തുസമ്പാദനത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു എൻഫോഴ്‍സ്‍മെന്‍റിന് പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.













Discussion about this post