ഇടുക്കി: വാഗമൺ മയക്കുമരുന്ന് പാർട്ടിക്കേസിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും ഹാജരായില്ല. ഇതോടെ പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ തള്ളി.
അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യുട്ടറും കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികളെ കസ്റ്റഡിയിൽ വിടാൻ കോടതി തയ്യാറായില്ല. പ്രതികളെ എന്തിന് കസ്റ്റഡിയിൽ വേണമെന്ന് കോടതിയെ ബോധിപ്പിക്കാൻ ഉത്തരവാദിത്വപ്പെട്ട ഒരാൾ പോലും ഇന്ന് കോടതിയിൽ ഉണ്ടായിരുന്നില്ല.
ബംഗലൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് കൊച്ചി വഴിയാണ് നിശാപാർട്ടികളിലേക്കുള്ള ലഹരിമരുന്ന് എത്തുന്നതെന്നാണ് വിവരം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരി മരുന്നിന്‍റെ ഉറവിടവും നിശാപാർട്ടികൾക്ക് പിന്നിലെ വമ്പന്മാരെയും കണ്ടെത്താൻ പൊലീസിന് സാധിക്കുമായിരുന്നു. ഇതിന് പിന്നിൽ ആരാണെന്നും ലഹരിമരുന്നിന്‍റെ കൊച്ചിയിലെ കേന്ദ്രം എവിടെയാണെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതികളുടെ മൊബൈൽ ഫോണടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനാഫലവും വരാനിരിക്കുകയാണ്. നിശാപാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതികൾ അംഗങ്ങളായ സാമൂഹ്യ മാധ്യമ കൂട്ടായ്മകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
മയക്കുമരുന്ന് പാർട്ടിക്കേസിലെ പ്രതികൾ കേരളത്തിൽ മാത്രം പത്തിലധികം സ്ഥലങ്ങളിൽ നിശാപാർട്ടികൾ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങളും സാദ്ധ്യതകളും നിലനിൽക്കെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടതിനായി കോടതിയിൽ ഹാജരാകേണ്ട പൊലീസുദ്യോഗസ്ഥനും പ്രോസിക്യൂട്ടറും ഹാജരാകാതിരുന്നത്.
മയക്കുമരുന്ന് പാർട്ടിക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്ന പശ്ചാത്തലത്തിൽ മുട്ടം കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ടവർ ഹാജരാകാതെ പോയതോടെ ജനുവരി 14 വരെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post