തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അധികൃതരുടെ അനാസ്ഥ മൂലം പിഞ്ച് കുഞ്ഞുങ്ങൾക്ക് വരെ ചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് രക്ഷിതാക്കൾ പരിതപിക്കുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ അനാസ്ഥയാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് ആർസിസി അധികൃതർ പറയുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ മരുന്ന് വാങ്ങി നല്‍കുന്നില്ലെന്നതാണ് പരാതി.
രക്താർബുദവും വൃക്കകളെ ബാധിക്കുന്ന അർബുദവുമടക്കം ഗുരുതര രോഗങ്ങൾ ബാധിച്ച് മലബാറിൽ നിന്ന് വരെ ചികിത്സക്കെത്തുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ അധികാരികളുടെ മൂപ്പിളമ തർക്കത്തിന് മുന്നിൽ പകച്ച് നിൽക്കുമ്പോഴും ആരോഗ്യ വകുപ്പ് മൗനത്തിലാണ്. ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് ആര്‍സിസി അധികൃതര്‍ പരസ്യമായി സമ്മതിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
മരുന്ന് വാങ്ങി നല്‍കേണ്ട മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ്റെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്നകാരണമെന്ന് ആർസിസി വിശദീകരിക്കുമ്പോഴും അധികാരികൾ മൗനത്തിലാണ്. ആര്‍സിസി അധികൃതരുടെ നിസഹകരണം കാരണമാണ് മരുന്ന് വാങ്ങുന്നതിൽ കാലതാമസം ഉണ്ടായതെന്നാണ് കോർപ്പറേഷന്റെ മറുവാദം. ഉത്തരവാദിത്വപ്പെട്ടവർ തമ്മിലുള്ള തർക്കത്തിൽ പെട്ട് നിസ്സഹായരായ രോഗികൾ വലയുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനങ്ങാപ്പാറ നയം പ്രതിഷേധത്തിനിടയാക്കുകയാണ്.
Discussion about this post