പത്തനംതിട്ട: പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ കനത്ത അമർഷം പ്രകടിപ്പിച്ച പാർട്ടി അണികൾ കൂട്ടത്തോടെ സിപിഎം വിടുന്നു. ചിറ്റാറില്‍ പതിനഞ്ചോളം പേരാണ് പാര്‍ട്ടി വിട്ടത്. ഇനിയും പ്രവർത്തകർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണ്. ലോക്കല്‍ കമ്മറ്റി യോഗത്തില്‍ പത്ത് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയും ചെയ്തു. വെറും അഞ്ചു പേരെ വച്ചാണ് പിന്നീട് യോഗം ചേര്‍ന്നത്. ചിറ്റാറിലെ പാർട്ടിയുടെ ഏറ്റവും സ്വാധീനമുള്ള നേതാവായ എം എസ് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിടുന്നത്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിറ്റാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കാന്‍ കൂട്ടു നിന്നതിന്റെ പേരിലാണ് സിപിഎമ്മില്‍ പൊട്ടിത്തെറി. സജി കുളത്തുങ്കില്‍ വിജയിച്ച രണ്ടാം വാര്‍ഡ് പന്നിയാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരന്‍ എംഎസ് രാജേന്ദ്രന്‍ ആയിരുന്നു. വെറും മൂന്നു വോട്ടിനാണ് രാജേന്ദ്രന്‍ സജി കുളത്തുങ്കലിനോട് തോറ്റത്. രാജേന്ദ്രന്റെ ഞെട്ടിക്കുന്ന തോൽവിയിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്നും പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.
പാർട്ടിയിലെ ഒന്നാം നിര നേതാവിനെ വീഴ്ത്തിയ സജിയെ തന്നെ കൂട്ടുപിടിച്ച് സിപിഎം പഞ്ചായത്ത് ഭരണം കൈക്കലാക്കിയത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പാർട്ടിയിൽ നിലവിൽ ഉണ്ടായിരിക്കുന്ന വിഭാഗീയതയിൽ എം എൽ എ ജനീഷ് കുമാറിനെയും അണികൾ സംശയിക്കുന്നു. ജനീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സജിയെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കുന്നതിനുള്ള ചര്‍ച്ചകള്‍ അരങ്ങേറിയത് എന്നാണ് പ്രവർത്തകരുടെ ആരോപണം. പാർട്ടിക്കെതിരെ ശക്തമായി നിലകൊണ്ട സജിയെ പ്രസിഡന്റാക്കിയ നടപടി എന്ത് അടവ് നയത്തിന്റെ പേരിലായാലും അംഗീകരിക്കില്ല എന്നാണ് ഇവരുടെ നിലപാട്.
എംഎസ് രാജേന്ദ്രന്റെ സഹോദരന്‍ എംഎസ് പ്രസാദിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികളെ സംരക്ഷിച്ചതിന്റെ പേരിലാണ് സജി കുളത്തുങ്കലിന്റെ പിതാവായ കെഇ വര്‍ഗീസിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. ആ വർഗീസിന്റെ മകനെ പ്രസിഡന്റാക്കാനുള്ള നീക്കം ആത്മാഭിമാനമുള്ള പ്രവർത്തകർക്ക് ഉൾക്കൊള്ളാനാവില്ലെന്നും പ്രവർത്തകർ വ്യക്തമാക്കുന്നു.
സീതത്തോട് പഞ്ചായത്തിലും ജനീഷ് കുമാർ എം എൽ എയുടെ ഇടപെടലിൽ പ്രസിഡന്റ് സ്ഥാനം മാറി മറിഞ്ഞിരുന്നു. അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച പിആര്‍ പ്രമോദിന് പകരം ആറാം വാര്‍ഡിൽ നിന്നും ജയിച്ച ജോബി ടി ഈശോയെ ആണ് ജനീഷ്‌കുമാര്‍ പിന്തുണച്ചത്. രണ്ട് സ്ഥലത്തും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരെ പ്രസിഡന്റാക്കി വരുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ടുറപ്പിക്കാനുള്ള ജനീഷ് കുമാറിന്റെ നീക്കവും അണികൾക്കിടയിൽ അമർഷം സൃഷ്ടിക്കുന്നുണ്ട്.
Discussion about this post