തിരുവനന്തപുരം: യുവനടിയെ അവസരം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ച സംഭവത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിനെതിരേ വീണ്ടും പോലീസില്‍ പരാതി. സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പൊലീസില്‍ പരാതി. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ‘അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാന്‍ സെറ്റില്‍ ചെയ്‌തെന്നും’ കമല്‍ പരാമര്‍ശിച്ചതിനെതിരെയാണ് പരാതി.
തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്.ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു.ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിനെതിരേ യുവനടി ഉന്നയിച്ച പീഡന ആരോപണങ്ങളും വെളിപ്പെടുത്തലുകളും അതീവഗുരുതരമായതായിരുന്നു. കൊച്ചിയിലെ അഭിഭാഷകന്‍ മുഖനേ തിരുവനന്തപുരം ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന കമലിന്റെ പേരില്‍ 2019 ഏപ്രില്‍ 26ന് വക്കീല്‍ നോട്ടീസ് എത്തുന്നത്.
അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് പറഞ്ഞാണ് നിര്‍മാതാവ് സംവിധായകനായ കമലിനെ പരിചയപ്പെടുത്തുന്നത്. 2018 ഡിസംബര്‍ 25ന് തന്നെ ഈ നിര്‍മാതാവ് യുവനടിയുടെ ചിത്രങ്ങള്‍ വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു കമലുമായുള്ള കൂടിക്കാഴ്ച. 2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിക്കുന്ന വിനായകന്‍ നായകനായ തന്റെ ചിത്രത്തിലേക്ക് നായികപ്രധാന്യമുള്ള കഥാപാത്രം യുവനടിക്കു നല്‍കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അറിയിക്കുന്നു. ശേഷം വാട്ട്സ്‌ആപ്പ് വഴി കൂടുതല്‍ ചിത്രങ്ങള്‍ കമല്‍ ആവശ്യപ്പെട്ടെങ്കിലും യുവനടി തയാറായില്ല.
പിന്നീട് നിരന്തരം അടുപ്പമേറിയ സന്ദേശം അയയ്ക്കുകയും ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. 2018 ഡിസംബര്‍ 31ന് യുവനടിയെ വിളിക്കുകയും സിനിമ സംബന്ധിയായ ചര്‍ച്ചയ്ക്ക് തൊട്ടടുത്ത ദിവസം തിരുവനന്തപുരം മരുതന്‍കുഴിയിലെ പിടിപി നഗര്‍ എസ്‌എഫ്‌എസ് സിറ്റി സ്പേസിലെ ഫ്ളാറ്റില്‍ എത്താന്‍ അറിയിക്കുകയും ചെയ്തു. അവിടെ എത്തിയ യുവനടിയെ കമല്‍ കടന്നുപിടിക്കുകയും സിനിമയിലെ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
ഇതു യുവനടിയെ മാനസികമായും ശാരീരികമായും തളര്‍ത്തി എന്നും കമല്‍ എന്ന സംവിധായകന്‍ ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് തെളിയുകയുമായിരുന്നെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇതിനു ശേഷവും ലൈംഗികവേഴ്ച ആവശ്യപ്പെട്ട് കമല്‍ നിരന്തരം സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്തെങ്കിലും യുവനടി ഇത് അവഗണിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് 2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ യുവനടിക്കു പകരം മറ്റൊരാളെ ഉള്‍പ്പെടുത്തി ഷൂട്ടിങ് തുടങ്ങിയത്. നായിക വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി കമല്‍ ഉയോഗിക്കുകയായിരുന്നെന്ന് ഇതോടെ മനസിലായി.തന്നോട് ചെയ്ത ക്രൂരതയുടെ മുറിവുകള്‍ ഉണങ്ങും മുന്‍പാണ് യുവനടിയെ ഒഴിവാക്കി സിനിമ ആരംഭിച്ചത്. ഇതോടെ യുവനടി മാനസികമായി തളര്‍ന്നെന്നും പരാതിയില്‍ പറയുന്നു.
Discussion about this post