കൊല്ലം: വർഗ്ഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നും വെള്ളാപ്പള്ളി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
സ്വർണക്കള്ളക്കടത്തു കേസ് വളരെ ഗൗരവമേറിയതും രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിഷയവുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേസ് കേന്ദ്ര ഏജൻസികൾ ഗൗരവമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംവരണ കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് എതിർപ്പുണ്ട്. സംവരണ വിഷയത്തിൽ പിന്നാക്ക വിഭാഗങ്ങളോട് അങ്ങേയറ്റത്തെ അനീതിയാണു സംസ്ഥാന സർക്കാർ കാട്ടിയതെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പു ഫലം വച്ചു നിയമസഭാ തിരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ നിയമനം, സർവകലാശാലയുടെ ലോഗോ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന് പിഴച്ചുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കേരളത്തിൽ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ പ്രകടനം കാഴ്ചവയ്ക്കും. നല്ല മുന്നേറ്റം ഉണ്ടാകും. സംഘടിത ന്യൂനപക്ഷങ്ങളുടെ കടന്നുകയറ്റത്തെ അസംഘടിത ഭൂരിപക്ഷം ഭയപ്പെടുന്നുണ്ട്. അതു ബിജെപിക്കു ഗുണം ചെയ്യുമെന്നും വെള്ളപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
Discussion about this post