കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്. കേസിലെ എല്ലാ പ്രതികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടും. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ 26 പേർക്കും നോട്ടീസ് നൽകും. ചീഫ് കമ്മീഷണർക്കു മുന്നിൽ ഹാജരായി കേസിൽ ഉൾപ്പെട്ടവർക്കോ, അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ച് വിശദീകരണം നൽകാവുന്നതാണ്.
അന്വേഷണത്തിൽ കണ്ടെത്തിയ എല്ലാ തെളിവുകളും ഉൾപ്പെടുത്തിയുള്ള വിശദമായ കുറ്റപത്രം ഏപ്രിൽ ആദ്യം കോടതിയിൽ സമർപ്പിക്കും. ശിവശങ്കറിന് ജാമ്യം ലഭിച്ചത് സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ തുടരന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതാണ്. ആവശ്യമെങ്കിൽ ജാമ്യത്തിലിരിക്കെ തന്നെ ശിവശങ്കറിൽ നിന്നും കൂടുതൽ വിവരങ്ങൾ ആരായാൻ സാധിക്കുമെന്നും കസ്റ്റംസ് വിശദീകരിച്ചു.
Discussion about this post