തിരുവനന്തപുരം: സര്‍ക്കാരിനെതിരായ നിയമന വിവാദ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തളളുമുണ്ടായി. ഇതിനിടെ കുറച്ച് പ്രവര്‍ത്തകര്‍ മതില്‍ചാടി സെക്രട്ടറിയേറ്റ് പരിസരത്ത് പ്രവേശിച്ചു. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
ബിജെപി വനിതാ കൗണ്‍സിലര്‍മാരുള്‍പ്പടെ പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു, ഇന്നലെ യുഡിഎഫ് സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചതെങ്കില്‍ ഇന്ന് ബിജെപി സംഘടനകളുടെ ശക്തമായ പ്രതിഷേധമാണ് കാണാനാകുന്നത്. കാലടി സര്‍വകലാശാലയിലേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ബാരിക്കേഡുകള്‍ മറികടന്ന് അകത്തേക്ക് പ്രവേശിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
സെക്രട്ടേറിയറ്റിന് ചുറ്റും പൊലീസ് സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്. വനിതാ പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ പുരുഷ പൊലീസുകാര്‍ എത്തിയത് യുവമോര്‍ച്ച നേതാക്കള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വനിതാ പൊലീസുകാരെ സ്ഥലത്തെത്തിച്ച് പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു.
താല്‍ക്കാലിക, കരാര്‍ നിയമനം ലഭിച്ചവരെ മനുഷ്യത്വപരമായ കാരണങ്ങളാല്‍ സ്ഥിരപ്പെടുത്തുന്നുവെന്നാണ് വിവിധ വകുപ്പുകളിലെ നിയമനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അറിയിച്ചത്. ഇതിനെതിരെ ശക്തമായ സമരമാണ് റാങ്ക് ഹോള്‍ഡേഴ്‌സും പ്രതിപക്ഷ സംഘടനകളും നടത്തിയത്.
Discussion about this post