വടശ്ശേരിക്കര : പട്ടികജാതിക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. പെരുനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി മേറ്റായ കോട്ടൂപ്പാറ സ്വദേശിനി കണിപ്പറമ്പിൽ ഓമന സുധാകരനെയാണ് സി.പി.എം ജില്ല കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്. മോഹനന് ഇറക്കിവിട്ടത്. കസേരയില്‍ ഇരുന്നതിന്റെ പേരിലാണ് അപമാനിച്ചതെന്നും ഓമന സുധാകരന് പറഞ്ഞു.
പഞ്ചായത്തിന്റെ ആസ്തി ബാധ്യത ഇല്ലാത്ത റോഡില്‍ തൊഴിലുറപ്പ് ജോലികള്‍ ചെയ്തുവെന്നാരോപിച്ച് ചര്‍ച്ചക്കായി വാര്‍ഡ് അംഗത്തെയും മറ്റൊരു തൊഴിലാളിയെയും തന്നെയും പഞ്ചായത്ത് ഓഫിസിലേക്ക് വിളിച്ചതായി ഓമന പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്റിന്റെ കാബിനിലെത്തിയ തങ്ങള്‍ എതിര്‍വശത്തുള്ള കസേരയിലിരുന്നതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, ചട്ടം ലംഘിച്ച് തൊഴിലുറപ്പ് ജോലികള്‍ ചെയ്തതിനെ ചോദ്യം ചെയ്തത് കൊണ്ടാണ് ഇത്തരം ആരോപണം തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് പറയുന്നു . രാഷ്ട്രീയ ലക്ഷ്യത്തോടെ പക പോക്കാന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു നല്കിയ പരാതിയാണിതെന്നും പ്രസിഡന്റ് പറഞ്ഞു.
Discussion about this post