തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സമഗ്ര പരിഷ്കരണം വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയുമായി ബിജെപി. സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന പ്രകടന പത്രികയാവും ബിജെപി അവതരിപ്പിക്കുകയെന്ന് പ്രകടന പത്രിക സമിതി കൺവീനർ കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.
ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ ആചാര അനുഷ്ഠാനം സംരക്ഷിക്കാൻ പ്രത്യേക നിയമ നിർമ്മാണം നടത്തും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് കരട് പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നൽകും.
പി എസ് സി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ചട്ടം കൊണ്ടുവരിക, യൂണിവേഴ്സിറ്റി അടക്കം പൊതുമേഖലയിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ലാസ്റ്റ് ഗ്രേഡ് നിയമനത്തിനായി ഒറ്റ പരീക്ഷ നടത്തുക, കാർഷി ആവശ്യങ്ങൾക്ക് എല്ലാ തരം സഹായവും നൽകുന്ന പിപിപി മാതൃകയിലുള്ള പ്രത്യേക അതോറിറ്റി രൂപീകരിക്കുക, ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പ്രകടന പത്രികയിൽ ഉണ്ടാകും. കരട് പത്രിക സമിതി ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ പ്രകടന പത്രിക പുറത്തിറങ്ങും.
Discussion about this post