കൊച്ചി: കേരളത്തിൽ മതത്തിന്റെ പേരിൽ വിഭാഗീയത വളരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആലുവ അദ്വൈതാശ്രമ സര്‍വമത സമ്മേളനം. ഒരുമിച്ച് ജീവിച്ച് ഭൂമിയെ സ്വര്‍ഗമാക്കുകയാണ് വേണ്ടതെന്ന് സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ പറഞ്ഞു.
കേരളത്തിലും മത വിഭാഗീയത വളരുന്നു. കൈവെട്ടും കഴുത്തുവെട്ടും നടക്കുന്നു. എന്റെ മതത്തിലേക്ക് ചേരുക, ചേര്‍ക്കുക എന്ന ചിന്ത വളരുന്നു. പലമത സാരവുമേകം എന്നാണ് ഗുരു പഠിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവന് ജന്മം കൊടുത്ത കേരളത്തിനും ഭാരതത്തിനും മതവിഭാഗീയത അംഗീകരിക്കാനാവില്ലെന്ന് സ്വാമി ശിവ സ്വരൂപാനന്ദ കൂട്ടിച്ചേർത്തു.
കാല്‍നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ മാറ്റങ്ങള്‍ മാറണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഈശ്വരനെ സംബന്ധിച്ച ഋഷികളുടെ അഭിപ്രായമാണ് മതം. മതം ഗുരുവിന് അറിവാണ്. അതുകൊണ്ടാണ് അറിയാനും അറിയിക്കാനും അദ്ദേഹം മതസമ്മേളനം നടത്തിയത്. മതം, ഭാഷ, ജാതി, ദേശം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുള്ള കലഹങ്ങള്‍ അവസാനിപ്പിക്കണമെന്നും സ്വാമി പറഞ്ഞു.
സനാതന ധര്‍മത്തിന്റെ വൈപുല്യമാണ് ഭാരതത്തിന് ഏതു മതത്തില്‍ പെട്ടവരേയും സ്വീകരിക്കാനുള്ള കഴിവു നല്‍കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. വ്യത്യസ്ത ആശയങ്ങളേയും സ്വാംശീകരിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ തന്റേതല്ലാത്ത ഒന്നും പഥ്യമല്ലാത്ത, പുറത്തുനിന്നു വന്ന ആശയത്തിന്റേതാണ് ഈ സമീപനമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ നാളായി ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഈ ആശയത്തെ എതിര്‍ക്കുന്നു. ഇസ്ലാമിക സമ്പ്രദായത്തിൽ വഹാബിസത്തിന്റെ ഈ ചിന്താരീതി ഭീകരവാദത്തിലുള്‍പ്പെടെ എത്തി. അത് ഐഎസ്‌എസിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളായി. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാമിക വിശ്വാസികള്‍ തമ്മിലാണ് ലോകത്തെ ഏറ്റവും വലിയ യുദ്ധങ്ങളെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ ചിന്ത നമ്മുടെ നാട്ടിലും തുടരാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി. എസ്‌എന്‍ഡിപി യോഗം സംസ്ഥാന പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ വിശിഷ്ടാതിഥി ആയിരുന്നു. നിരണം സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാ. സാമുവല്‍ നെറ്റിയാടന്‍, മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം ശിഹാബുദീന്‍ ഫൈസി, കൊച്ചി ജൈനക്ഷേത്ര പൂജാരി പണ്ഡിറ്റ് പ്രകാശ് ഭായ്, ദേശം ഓങ്കാരാശ്രമം അധ്യക്ഷന്‍ നിഗമാനന്ദ തീര്‍ഥപാദര്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post