സേലം: കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് ജനങ്ങൾ അംഗീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന്റെ കുടുംബരാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
കരുണാനിധിയുടെ മകനായത് കൊണ്ട് മാത്രം തമിഴ്ജനത സ്റ്റാലിനെ സഹിച്ചു. സ്റ്റാലിന്റെ മകനായത് കൊണ്ട് മാത്രം ഇനി ഉദയനിധിയെ സഹിക്കേണ്ട ഗതികേട് തമിഴ്നാട്ടുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുൻപ് സ്റ്റാലിൻ പറഞ്ഞത് തന്റെ കുടുംബത്തിൽ നിന്നും ആരും ഇനി രാഷ്ട്രീയത്തിലേക്ക് വരില്ല എന്നായിരുന്നു. എന്നാൽ അത് ലംഘിക്കപ്പെട്ടുവെന്നും പളനിസ്വാമി ചൂണ്ടിക്കാട്ടി.
ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഉദയനിധി ജനവിധി തേടുന്നത്. കുടുംബ പാർട്ടി അധികാരത്തിൽ വന്നാൽ നിരവധി അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും അതു കൊണ്ട് എൻഡിഎ സഖ്യത്തെ വിജയിപ്പിക്കണമെന്നും പളനിസ്വാമി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്.
Discussion about this post