ആലപ്പുഴ: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ നിലപാട് കടുപ്പിച്ച് ആലപ്പുഴ- കൊല്ലം രൂപതകൾ. ആഴക്കടല്‍ വിവാദത്തിൽ പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നുവെന്ന കൊല്ലം രൂപതയുടെ വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരായ നിലപാട് കടുപ്പിച്ച് ആലപ്പുഴ രൂപതയും രംഗത്തെത്തി.
ആഴക്കടൽ മത്സ്യബന്ധന കരാറില്‍ സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ ആശങ്കയുളവാക്കുന്നതാണെന്ന് ആലപ്പുഴ ലത്തീൻ രൂപത വ്യക്തമാക്കി. വിഷയം കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗുമായി ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ ചർച്ച ചെയ്തു. വിഷയത്തിൽ തീരദേശത്തിന്‍റെ ആശങ്ക ബിഷപ്പ് കേന്ദ്ര മന്ത്രിയുമായി പങ്കു വെച്ചു.
ആഴക്കടൽ മത്സ്യബന്ധ കരാറിൽ സംസ്ഥാന സർക്കാരിനെതിരെ കർശന നിലപാട് സ്വീകരിച്ചിരിക്കുന്ന ബിജെപിയുടെ സമീപനത്തിന് അനുകൂലമായാണ് സഭകൾ പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ് ആലപ്പുഴ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതിനെ ആശങ്കയോടെയാണ് ഇടത് പക്ഷം നോക്കിക്കാണുന്നത്.
അതേസമയം ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് കൊല്ലം രൂപത നടത്തിയത്. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണെന്ന് രൂപത അറിയിച്ചു. ജനാധിപത്യത്തിന്‍റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു.
Discussion about this post