കൊൽക്കത്ത: രണ്ടാം ഘട്ട പോളിംഗിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബംഗാളിൽ വീണ്ടും ബോംബുകൾ കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ നരേന്ദ്രപുരിൽ നിന്നും 56 ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ എല്ലാ ബോംബുകളും നിർവീര്യമാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തുടർച്ചയായം നാലാം ദിവസമാണ് ബംഗാളിൽ നിന്നും ബോംബുകൾ കണ്ടെടുക്കുന്നത്. ബോംബ് നിർമ്മാണം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരുന്നവരെ പിടികൂടുകയും അവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച 22ഉം വെള്ളിയാഴ്ച 26 ബോബുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് ബോംബുകളും കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച ബാങ്കുറയിലെ തൃണമൂൽ ഓഫീസിൽ സ്ഫോടനം നടന്നിരുന്നു. പ്രവർത്തകർ ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ സ്ഫോടനം നടന്നതാകാമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതിനിടെ ബംഗാളിലെ ക്രമസമാധാന നില തകർന്നതായി ബിജെപിയും ഇടത് പാർട്ടികളും ആരോപിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന് കുടിൽ വ്യവസായം പോലെയാണ് ബോംബ് നിർമ്മാണമെന്നും പാർട്ടി പ്രവർത്തകർക്ക് ഇഷ്ട ആയുധമായി ബോംബുകൾ മാറിയെന്നും ബിജെപി അഭിപ്രായപ്പെട്ടു.
Discussion about this post