പാലക്കാട്: ഇടത് മുന്നണിയെയും സംസ്ഥാന സർക്കാരിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂദാസ് മുപ്പത് വെള്ളിക്കാശിന് വേണ്ടി യേശു ക്രിസ്തുവിനെ ഒറ്റിയത് പോലെ സ്വർണ്ണത്തിനും കാശിനും വേണ്ടി എൽഡിഎഫ് കേരള ജനതയെ ഒറ്റിയെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് വിഷയങ്ങൾ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി ജനങ്ങളുടെ ആശീർവാദം വാങ്ങാനാണ് താൻ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലെ അവസ്ഥയിൽ നിന്നും തികച്ചും നവീനമായ മാറ്റത്തിന് വേണ്ടിയുള്ള വീക്ഷണങ്ങളുമായാണ് താൻ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടത് പക്ഷവും യുഡിഎഫും തമ്മിലുള്ള രഹസ്യ ബാന്ധവമായിരുന്നു കാലകാലങ്ങളായി കേരള രാഷ്ട്രീയത്തിൽ ഒളിഞ്ഞിരുന്ന ചീഞ്ഞ രഹസ്യം. എന്നാൽ ഇന്ന് ആദ്യമായി കേരളത്തിലെ വോട്ടർമാർ ചോദിക്കുകയാണ്; ‘എന്തിനാണീ ഒത്തുകളി?‘ ഇടത് പക്ഷവും യുഡിഎഫും തങ്ങളെ എങ്ങനെ പറ്റിച്ചുവെന്ന് ജനങ്ങൾ തിരിച്ചറിയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ സംസ്ഥാന- ദേശീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ മെട്രോമാൻ ഇ ശ്രീധരൻ ആശംസകൾ നേർന്ന് സംസാരിച്ചു.
Discussion about this post