തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ പ്ലാന്റില്‍ നിന്നാണ് ഐഎസ്‌ആര്‍ഒ കേരളത്തിന് ഓക്സിജന്‍ നല്‍കാന്‍ തീരുമാനിച്ചത്. ആഴ്ചയില്‍ 12ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഐഎസ്‌ആര്‍ഒയുടെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറുമായ എം. സി ദത്തനാണ് ഓക്സിജന്‍ പ്ലാന്റ് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
ബഹിരാകാശ ഏജന്‍സിയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങളുടെ പരീക്ഷണ കേന്ദ്രമാണ് ഐപിആര്‍സി.ജിഎസ്‌എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ക്രയോജനിക് ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഓക്സിജന്‍ മൈനസ്183 ഡിഗ്രിയിലും ഹൈഡ്രജന്‍ മൈനസ് 253 ഡിഗ്രിയിലും തണുപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്.
149 ടണ്‍ ശേഷിയുള്ള കഞ്ചിക്കോട്ടെ ഐനോക്സാണ് സംസ്ഥാനത്തിന് ഓക്സിജന്‍ നല്‍കുന്നത്. 204 ടണ്ണാണ് മൊത്തം ലഭ്യത. ഇതില്‍ 47.16ടണ്‍ കൊവിഡിതര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരും. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്സിജന്റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിനാണെന്ന് കത്തില്‍ പറയുന്നു.
ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് ടണ്‍ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തില്‍ 500 ടണ്‍ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 500 ടണ്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനില്‍ നിന്ന് 1000 ടണ്‍ കേരളത്തിന് നല്‍കുന്നതിന് വിദേശ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post