പത്തനംതിട്ട: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കോവിഡ് ബാധിതനായ യുവാവ് മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ധനീഷ് കുമാര്‍ (38) ആണ് മരിച്ചത്.
8 ദിവസം മുന്‍പ് പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ മാത്രമേ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി. ഒരാഴ്ചയായി വീട്ടില്‍ കഴിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ സ്ഥിതി വഷളായി. ഓക്സിജന്‍ അളവ് 80ന് താഴെയെത്തി.
കോവിഡ് ചികിത്സയുള്ള 2 സര്‍ക്കാര്‍ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ അവിടെ ഐസിയു ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്ഥിതി വഷളാകുന്നതായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ വേഗം കൊണ്ടുവന്നാല്‍ ഓക്സിജന്‍ നല്‍കാമെന്ന് മറുപടി ലഭിച്ചു. ആംബുലന്‍സ് വരാന്‍ താമസിക്കുമെന്നതിനാല്‍ വീട്ടുകാര്‍ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post