തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 8ആം തീയതി രാവിലെ ആറ് മുതൽ ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ചില ജില്ലകളിൽ ഐസിയും കിടക്കകളും വെൻ്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാരിൽ നിന്ന് ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ഇതുവരെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലം കാണുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവശ്യ സര്‍വീസുകള്‍, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post