ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാൻറ് പ്രവർത്തനം തുടങ്ങി. പുതിയ പ്ലാൻറിൽനിന്ന് ഉൽപാദിപ്പിച്ച ജീവവായു അത്യാഹിത വിഭാഗത്തിലെ കോവിഡ് വാർഡുകളിലും തീവ്രപരിചരണ വിഭാഗത്തിലും കഴിയുന്ന രോഗികൾക്ക് നൽകിയാണ് പ്രവർത്തനം ആരംഭിച്ചത്. പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം പ്ലാൻറിന്റെ ഉദ്ഘാടനം നടത്താനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉദ്ഘാടനം ഉപേക്ഷിക്കുകയായിരുന്നു.
അന്തരീക്ഷത്തിൽനിന്ന് നേരിട്ട് വായു വലിച്ചെടുത്ത് യന്ത്രസഹായത്തോടെ, നൈട്രജൻ വേർതിരിച്ച് ശുദ്ധമായ ഓക്സിജൻ നിർമിക്കുകയാണ് ചെയ്യുന്നത്. ശേഷം കുഴൽവഴി രോഗികളുടെ കട്ടിലിൽ സ്ഥാപിച്ചിരിക്കുന്ന സിലിണ്ടറിൽ എത്തിക്കും. അവിടെനിന്ന് മാസ്ക് അടങ്ങിയ ചെറിയ കുഴലിലൂടെ രോഗികൾക്ക് നൽകും. ഒരു മിനിറ്റിൽ 2000 ലിറ്റർ ഇങ്ങനെ ശേഖരിക്കാൻ കഴിയും.
പ്ലാൻറ് ട്രയൽ നടത്തി, നാഷനൽ ലബോറട്ടറിയുടെ അംഗീകാരം ലഭിച്ചശേഷമാണ് രോഗികളിൽ പരീക്ഷച്ചത്. ഏറെ സൗകര്യപ്രദമായ ഈ സംവിധാനം നിലവിൽ വന്നതോടെ ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗവും കുറക്കാനുമാകും. മെഡിക്കൽ കോളജിലെ ഓക്സിജൻ ക്ഷാമവും പരിഹരിക്കപ്പെടും.
പി.എം കെയർ ഫണ്ടിൽനിന്ന് ലഭിച്ച 2.75 കോടി ചെലവഴിച്ച് അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തതാണ് പ്ലാൻറ്. 60 ലക്ഷം രൂപ കെട്ടിട നിർമാണത്തിനും അനുബന്ധ ജോലികൾക്കും ചെലവഴിച്ചു. മെക്കാനിക്കൽ എൻജിനീയർ ജോഷി മാത്യുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് പ്ലാൻറിന്റെ നിർമാണം പൂർത്തിയാക്കിയത്. രോഗികളെ ചികിത്സിക്കുന്ന വാർഡുകളിലും ഈ സംവിധാനം ഉടൻ നടപ്പിൽവരുമെന്ന് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
Discussion about this post