തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അത്യാവശ്യം ആളുകളെ മാത്രം പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുകയാണ് കേരളമെന്ന മരണവീടിന് നല്ലതെന്ന് സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു.
‘ഇരട്ടനീതിയുടെ ഇളവുകള്‍’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം കൊവിഡിന് തിരിഞ്ഞോ എന്നും അതിരൂപത ചോദിക്കുന്നു. ലോക്ക്ഡൗണില്‍ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് ഈ ആഘോഷമെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. എന്‍ രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത് മുപ്പത് പേര്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാരുടെ മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ ഇരുപത് പേരെ കര്‍ശനമായി നിജപ്പെടുത്തുമ്പോൾ വി ഐ പികളുടെ പരിപാടിക്ക് ആള്‍ക്കൂട്ടമനുവദിക്കുന്ന നിലപാട് മാറ്റം നിലവാരമില്ലാത്തതാണ്. കോവിഡ് പതാക ഇപ്പോഴും ഉയരെ പറക്കുമ്പോൾ ഈ സത്യപ്രതിജ്ഞാഘോഷം അനൗചിത്യമാണെന്നും സത്യദീപം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.
Discussion about this post