ഡൽഹി: കേരളം ഭരിക്കുന്നത് വീരപ്പന്മാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കർണാടകയിലെ വീരപ്പന്റെ പത്തിരട്ടി വീരപ്പന്മാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. മരം മുറിച്ച് കടത്തൽ മുട്ടിലിൽ നിന്നും എല്ലാ ജില്ലകളിലേക്കും വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന്റെ അവസാന നാളുകളിലെ കടുംവെട്ടിന്റെ ഒരു ഉദാഹരണമാണ് മരംമുറി സംഭവം. പമ്പയിലെ മണൽ കടത്തിയതുൾപ്പെടെ പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രകൃതി സമ്പത്ത് സർക്കാരിന്റെ അവസാന നാളുകളിൽ കൊള്ളയടിക്കപ്പെട്ടു. ഇത് റവന്യൂ സെക്രട്ടറി മാത്രം അറിഞ്ഞുള്ള കളിയാണോയെന്ന് സർക്കാർ പറയണം. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിന് മാത്രം ഇങ്ങനൊരു തീരുമാനം എടുക്കാനാവുമോ? ക്യാബിനറ്റ് ഈ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടോ? അന്വേഷണം നടത്തുന്നതിനു മുൻപ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കണം. കർഷകരെ സഹായിക്കാനുള്ള തീരുമാനമാണെങ്കിൽ മൂന്നു മാസം കഴിഞ്ഞപ്പോൾ എന്തിനാണ് നിയമം നിർത്തലാക്കിയത്?
മരം മുറി കേസിലെ പ്രതി കാൽ കോടി രൂപ കൈക്കൂലി കൊടുത്താണ് മരം പെരുമ്പാവൂരിലെത്തിച്ചതെന്നാണ് പറയുന്നത്. കോവിഡ് കാലത്ത് എങ്ങനെ ഇത്രയും ദൂരം മരം എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു? അതിന് സർക്കാർ സംവിധാനങ്ങളുടെ സഹായം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. ഇത് സർക്കാർ അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണെന്നും ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇത് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ എടുത്ത തീരുമാനമാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണ്ടേ? മരം മുറിക്കുന്നത് തടഞ്ഞ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് എന്തിനാണ്? മുട്ടിൽ വില്ലേജ് ഓഫിസിലേക്ക് തിരുവനന്തപുരത്തുനിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്തിനാണ്? മരം മുറിക്കുന്നതിന് അനുകൂലമായി രാഷ്ട്രീയമായ ഇടപെടലാണ് ഉണ്ടായിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പഴയ വനംമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും മൗനം അവലംബിക്കുന്നത് ദുരൂഹമാണ്. കാനം രാജേന്ദ്രൻ എന്താണ് മൗനം തുടരുന്നത്? ഒരക്ഷരം മിണ്ടാതെ വനംവകുപ്പ് എൻസിപിക്ക് വിട്ടുകൊടുത്തത് എന്താണ്? സ്വയം പ്രഖ്യാപിത പരിസ്ഥിതി പ്രവർത്തകനായ ബിനോയ് വിശ്വം വായ് തുറക്കണം. കഴിഞ്ഞ വനം,റവന്യൂ മന്ത്രിമാരായ രാജുവും ചന്ദ്രശേഖരനും വസ്തുതകൾ വച്ച് മറുപടി പറയാത്തത് എന്താണ്? കെ സുരേന്ദ്രൻ ചോദിക്കുന്നു.
മാധ്യമങ്ങൾ ബിജെപിക്കെതിരെ വ്യാജവാർത്തകൾ പടച്ചുവിടുകയാണ്. മരം മുറി കേസിൽ വരെ ഉൾപ്പെട്ടവരുടെ മാധ്യമ വിചാരണയ്ക്ക് നിന്നു തരില്ല. പ്രകൃതിയെ കൊള്ളയടിക്കുന്ന ഇടത് ഭരണത്തിനെതിരെ ബിജെപി ശക്തമായ സമരം തുടങ്ങും. 14ന് പികെ കൃഷ്ണദാസ്, എം.ടി. രമേശ് ,എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി, കാസർകോട്,തൃശൂർ എന്നിവിടങ്ങളിൽ പാർട്ടി നേതാക്കൾ സന്ദർശനം നടത്തുമെന്നും കെ സുരേന്ദ്രൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Discussion about this post