മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐ. നൽകിയതെന്ന് റിപ്പോർട്ട്. ബെംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടികൂടിയിരിക്കുന്നത്.
ഐ.എസ്.ഐ.യാണ് ഇതിന് പിന്നിലെന്നാണ് ഐ ബിയുടെ റിപ്പോർട്ട്. ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്‌മെന്റ് കൺട്രോൾ ഓഫീസിലേക്കും പ്രിൻസിപ്പൽ ഡിഫൻസ് കംപ്ട്രോളർ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം മൊഴി നൽകിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടും തൃശ്ശൂരിലും പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇബ്രാഹിമിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്ന ഇബ്രാഹിം 2007-ൽ കോട്ടക്കൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയാണ്. സമാന്തര എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് കർണാടക പോലീസ്, റോ, മിലിറ്ററി ഇന്റലിജൻസ്, ഐ ബി, എൻ.ഐ.എ. തുടങ്ങിയ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണെന്ന് സൂചിപ്പിച്ചാണ് സൈനിക കേന്ദ്രങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഇയാൾ വിളിച്ചിരുന്നത്.
ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനുള്ള എക്‌സ്റ്റൻഷൻ നമ്പറുകളിലും വിളിച്ചിട്ടുണ്ട്. ഇന്ത്യയിൽ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് ഉപയോഗപ്പെടുത്തി സൈനിക കേന്ദ്രങ്ങളിലേക്ക് വിളിയെത്തുന്നുവെന്ന വിവരം ആദ്യം കണ്ടത്തിയത് കശ്മീരിലെ മിലിറ്ററി ഇന്റലിജൻസ് യൂണിറ്റായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിലിട്ടറി ഇന്റലിജൻസ് ഇബ്രാഹിമിനെ പിടികൂടുകയായിരുന്നു.
Discussion about this post