ഡൽഹി: കേരളത്തിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നു. പാകിസ്ഥാന് വേണ്ടി പോപ്പുലർ ഫ്രണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് ഇതെന്നാണ് മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത് എന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ കശ്മീരിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ സൈന്യം കശ്മീരിൽ പിടിമുറുക്കിയ സാഹചര്യത്തിൽ വിദ്ധ്വംസക ശക്തികൾ കേരളത്തെ തങ്ങളുടെ സുരക്ഷിത താവളമാക്കുകയാണ് എന്നാണ് വിവരം. കേരളത്തിൽ ഇസ്ലാമിക ഭീകരവാദം വളരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇവിടുത്തെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രീണന രാഷ്ട്രീയമാണ്.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 14 സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലാകുകയും ഇവരിൽ നിന്നും ഉപകരണങ്ങൾ പിടികൂടുകയും ചെയ്തിരുന്നു. കേസിൽ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പങ്ക് വ്യക്തമായിരുന്നു.
കേസിൽ ഹക്കീം, റാഷിദ്, നിഥിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 14 സിം ബോക്സുകളും 11 റൂട്ടറുകളും നൂറിലധികം സിം കാർഡുകളും അമ്പത് കേബിളുകളും കണ്ടെത്തിയിരുന്നു. പ്രതികൾ ഹവാല ഇടപാടുകാരെയും സ്വർണ്ണക്കടത്തുകാരെയും സഹായിച്ചിരുന്നതായും സൂചനയുണ്ട്.
കോഴിക്കോടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബ്രോഫ്ബാൻഡ് കണക്ഷനുകളും റൂട്ടറുകളും ഉപയോഗിച്ച് അന്താരാഷ്ട്ര കാളുകൾ ലോക്കൽ കാളുകളാക്കി മാറ്റിയിരുന്നു. ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാകാമെന്നാണ് നിഗമനം.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐ. നൽകിയതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളും പിടികൂടിയിരുന്നു.
ഐ.എസ്.ഐ.യാണ് ഇതിന് പിന്നിലെന്നാണ് ഐ ബിയുടെ റിപ്പോർട്ട്. ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്‌മെന്റ് കൺട്രോൾ ഓഫീസിലേക്കും പ്രിൻസിപ്പൽ ഡിഫൻസ് കംപ്ട്രോളർ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം മൊഴി നൽകിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടും തൃശ്ശൂരിലും പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇബ്രാഹിമിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്ന ഇബ്രാഹിം 2007-ൽ കോട്ടക്കൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയാണ്. സമാന്തര എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് കർണാടക പോലീസ്, റോ, മിലിറ്ററി ഇന്റലിജൻസ്, ഐ ബി, എൻ.ഐ.എ. തുടങ്ങിയ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണെന്ന് സൂചിപ്പിച്ചാണ് സൈനിക കേന്ദ്രങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഇയാൾ വിളിച്ചിരുന്നത്.
ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനുള്ള എക്‌സ്റ്റൻഷൻ നമ്പറുകളിലും വിളിച്ചിട്ടുണ്ട്. ഇന്ത്യയിൽ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് ഉപയോഗപ്പെടുത്തി സൈനിക കേന്ദ്രങ്ങളിലേക്ക് വിളിയെത്തുന്നുവെന്ന വിവരം ആദ്യം കണ്ടത്തിയത് കശ്മീരിലെ മിലിറ്ററി ഇന്റലിജൻസ് യൂണിറ്റായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിലിട്ടറി ഇന്റലിജൻസ് ഇബ്രാഹിമിനെ പിടികൂടുകയായിരുന്നു.
Discussion about this post