കൊച്ചി: കാക്കനാട് വാഴക്കാലയില്‍ ഫ്ലാറ്റില്‍നിന്നു ലഹരി പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആക്ഷേപം. ആദ്യം ലഹരി മരുന്നുമായി പിടികൂടിയ സംഘത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോയിലേറെ എംഡിഎംഎ ലഭിച്ചിരുന്നു. എന്നാൽ രേഖകളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം. അന്വേഷണ സംഘം തയാറാക്കിയ മഹസറില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍നിന്ന് എംഡിഎംഎ കണ്ടെത്തിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ ആദ്യം പിടികൂടിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതും ആരോപണത്തിനു വഴിവച്ചിട്ടുണ്ട്.
കഴിഞ്ഞ 18ന് വാഴക്കാല മൂലേപ്പാടം റോഡിലുള്ള ഫ്ലാറ്റില്‍ ലഹരി മരുന്നുമായി സംഘം തമ്പടിച്ചിട്ടുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 84ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും ഇവര്‍ ഉപയോഗിച്ച വാഹനം മുന്തിയ ഇനം നായ്ക്കള്‍ക്കൊപ്പം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരത്തോടെ വീണ്ടും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഒരു കിലോയിലേറെ എംഡിഎംഎ കണ്ടെത്തിയിരുന്നു. പത്തു കോടി രൂപയിലേറെ വില വരുന്ന ഈ ലഹരി മരുന്ന് ആരുടേതാണ് എന്നു വ്യക്തമല്ല എന്ന നിലയിലാണ് രണ്ടാം മഹസര്‍ തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ എക്‌സൈസ് എന്റഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് വിഭാഗം കേസ് അട്ടിമറിച്ചു എന്നാണ് ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്.
രണ്ടാമത്തെ മഹസര്‍ പ്രകാരം മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ വഴിയില്‍നിന്നു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതേ പ്രതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്നു ലഹരി കണ്ടെത്തിയതെന്നാണ് പറയുന്നത്. ഇത് പ്രതികളുടേതാണ് എന്ന് ഉറപ്പില്ല എന്ന രീതിയില്‍ മഹസര്‍ തയാറാക്കിയിരിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് ആക്ഷേപം. നിലവില്‍ കസ്റ്റഡിയിലെടുത്ത അഞ്ചു പേര്‍ക്കെതിരെ ഇവരില്‍നിന്നു കണ്ടെടുത്ത 84 ഗ്രാം എംഡിഎംഎയുടെ കേസ് മാത്രമാണ് ചുമത്തിയിട്ടുള്ളത്. പ്രതികളില്‍നിന്നു പിടികൂടിയ നായയെ വിട്ടു കൊടുത്തതു സംബന്ധിച്ചും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചെന്നൈയില്‍നിന്നു ലഹരി കൊച്ചിയിലെത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ചു സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രിവന്റീവിനൊപ്പം ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഹരിമരുന്ന് പിടിച്ചതില്‍ കേസെടുക്കാന്‍ അധികാരമില്ലെന്നിരിക്കെയാണ് കേസ് ജില്ലാ എക്‌സൈസ് എന്റഫോഴ്‌സ്‌മെന്റ്് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് വിഭാഗത്തിനു കൈമാറിയിരിക്കുന്നത്.
അതേസമയം, കേസിന്റെ അന്വേഷണ ഘട്ടത്തില്‍ വിട്ടു പോയ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാകുമെന്നു മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസില്‍ ബന്ധമില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു ബോധ്യമുള്ളതിനാലായിരിക്കാം പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post